അഹിന്ദുക്കള്‍ക്കും ക്ഷേത്രപ്രവേശനം അനുവദിക്കേണ്ട കാലം കഴിഞ്ഞുവെന്ന് സ്വാമി സന്ദീപാനന്ദ ഗിരി. നമ്മൾ മാറേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭൂമിയുടെ സൂപ്പർ പ്രെെം ടെെം ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രത്തിന്റെ ആരാധനാമൂര്‍ത്തിയില്‍ വിശ്വസിക്കുന്ന മറ്റു മതസ്ഥരെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കാനാകില്ലെന്ന മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണവുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘മലയാളികൾ ആയിട്ടുള്ള നമ്മൾ എന്നോ മാറേണ്ടതായിരുന്നു. മാറേണ്ട സമയം കഴിഞ്ഞു. വളരെ വേദനയോട് കൂടി ഓർക്കാൻ പറ്റുന്ന പേര് കലാമണ്ഡലം ഹൈദരലിയുടേതാണ്. അദ്ദേഹത്തിന്റെ ഒരു തപസ് എന്ന് പറഞ്ഞാൽ എത്ര പ്രയാസപ്പെട്ടിട്ടാണ് കഥകളി പദങ്ങൾ പഠിച്ചിട്ടുള്ളത്. ഹൈദരലി എന്ന പേര് മാത്രമല്ലേ അദ്ദേഹത്തിന് ശാപമായി തീർന്നത്. വളരേ ദാരുണമായ കഥകളൊക്കെ നമുക്ക് അറിയാമല്ലോ? ക്ഷേത്രത്തിലെ മതില് പൊളിച്ച്, മതിലിന് കൃത്യമായ സ്റ്റേജ് കെട്ടി അദ്ദേഹത്തിന് അകത്തേക്ക് പ്രവേശിക്കാൻ പറ്റാത്ത വിധത്തിൽ. അദ്ദേഹം ഒരു വിശ്വാസി അല്ലെന്ന് പറയാൻ പറ്റുമോ?
Also Read:ഗോവ കോൺഗ്രസിലും ഭിന്നത: ആറ് എംഎൽഎമാർ ബിജെപിയിലേക്കെന്ന് സൂചന
ഹിന്ദു ധർമ്മ പ്രകാരം, നാല് ആളുകൾ ആണ് ഈശ്വരനെ അറിയാൻ വേണ്ടി വരുന്നത്. ദുഃഖിതൻ ആയിട്ടുള്ളവൻ, ധനമാഗ്രഹിക്കുന്നവർ, അറിയാൻ ആഗ്രഹമുള്ളവർ, അറിഞ്ഞവർ എന്നീ നാല് വിഭാഗത്തിലുള്ളവർ ആണ് ഈശ്വരനെ കാണാനെത്തുന്നത്. നോർത്തിലേക്ക് ഒക്കെ പോയിക്കഴിഞ്ഞാൽ പ്രധാനപ്പെട്ട സങ്കേതങ്ങളിലൊന്നും ആരും ജാതിയും മതവും അന്വേഷിക്കുന്നില്ല. സ്ത്രീകൾ പ്രതിഷ്ഠയിൽ അഭിഷേകം ചെയ്യുന്നുണ്ട്. ഏത് മതസ്ഥർക്കും എവിടെയും പ്രവേശിക്കാം. നമ്മൾ മാറേണ്ടത് അനിവാര്യമാണ്’, സ്വാമി പറയുന്നു.
അതേസമയം, കന്യാകുമാരി ജില്ലയിലെ തിരുവട്ടാര്‍ ആദികേശവ പെരുമാള്‍ ക്ഷേത്രത്തിലെ കുംഭാഭിഷേക ഉത്സവത്തില്‍ അഹിന്ദുക്കള്‍ പ്രവേശിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി സുപ്രധാന നിരീക്ഷണം നടത്തിയത്. കുംഭാഭിഷേക ഉത്സവത്തില്‍ ക്രിസ്തു മത വിശ്വാസിയായ മന്ത്രി പങ്കെടുക്കുന്നതിനെതിരെ സി. സോമന്‍ എന്ന വ്യക്തിയാണ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ഈ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ പി.എന്‍ പ്രകാശ്, ആര്‍ ഹേമലത എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
Post Your Comments