തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസ് സംബന്ധിച്ച് മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തലിൽ മലയാളികൾ ഞെട്ടലിലാണ്. ഇത്രനാളും പൊലീസും മാധ്യമങ്ങളും പൊതുസമൂഹവും വേട്ടയാടിയ നടൻ നിരപരാധിയെന്ന് ഒരു മുൻ ഉന്നത പൊലീസ് ഓഫീസർ തന്നെ പറയുമ്പോൾ ജനപ്രിയ താരത്തെ മനപ്പൂർവ്വം കുടുക്കാൻ ചരടുവലിച്ചത് ആരെന്ന ചോദ്യമാണ് ഉയരുന്നത്. പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം വ്യാജമാണെന്നും ശ്രീലേഖ പറയുന്നു. ജയിലിൽ നിന്ന് പൾസർ സുനി ദിലീപിന് അയച്ചെന്ന് പറയുന്ന കത്ത് എഴുതിയത് സഹതടവുകാരൻ വിപിൻലാലാണ്. ഇയാൾ ജയിലിൽ നിന്ന് കടത്തിയ കടലാസ് ഉപയോഗിച്ചാണ് കത്തെഴുതിയത്. പൊലീസുകാർ പറഞ്ഞിട്ടാണ് കത്തെഴുതിയതെന്ന് വിപിൻ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീലേഖ പറയുന്നു.
ജയിലിൽ നിന്ന് പൾസർ സുനി എഴുതുന്നു എന്ന് പറഞ്ഞ് ഒരുപാട് കാര്യങ്ങൾ അതിനകത്ത് എഴുതിയിട്ടുണ്ട്. കാശ് തരാമെന്ന് പറഞ്ഞല്ലോ അത് അഞ്ചു പ്രാവശ്യമായി തന്നാൽ മതി. അത്യവശ്യമായി മുന്നൂറു രൂപ അയച്ചുതരണം മണി ഓർഡറായിട്ട്. എന്നൊക്കെ അതിൽ എഴുതിയിരിക്കുന്നു. എന്നാൽ അതിൽ ഭയങ്കരമായിട്ട് പടർന്നിരിക്കുന്ന കഥ ഒന്നര കോടി രൂപയുടെ ക്വട്ടേഷനാണ് എത്രയോ വർഷങ്ങൾക്ക് മുൻപ് 2012 ലോ 2013 ലോ ആണ് ഏൽപ്പിക്കുന്നത്. ഒന്നരക്കോടിക്ക് ക്വട്ടേഷൻ എടുത്ത ആളാണ് മുന്നൂറ് രൂപ ചോദിച്ച് കത്തയക്കുന്നതെന്നും ശ്രീലേഖ വീഡിയോയിൽ പറയുന്നു.
ദിലീപിനെതിരെ പുതിയ കേസെടുത്തത് തെളിവില്ലാത്തതിനാലെന്ന് ആർ ശ്രീലേഖ വെളിപ്പെടുത്തുന്നു. തന്റെ യുട്യൂബ് ചാനലായ സസ്‌നേഹം ശ്രീലേഖയിലൂടെയായിരുന്നു വെളിപ്പെടുത്തൽ. പല ഘട്ടങ്ങളിലായാണ് തനിക്ക് ദിലീപിന്റെ ഉള്‍പ്പെടലിനെ കുറിച്ച് സംശയം തോന്നിയതെന്ന് ആര്‍ ശ്രീലേഖ പറയുന്നു. ഈ ഗൂഡാലോചനയെ കുറിച്ച് സംശയം ചോദിച്ചപ്പോള്‍, ദിലീപും പള്‍സര്‍ സുനിയും നില്‍ക്കുന്ന ഒരു ഫോട്ടോ എന്നെ കാണിച്ചു. ഫോട്ടോഷോപ്പാണെന്ന് കണ്ടാല്‍ തന്നെ അറിഞ്ഞൂടേ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍, അത് അവിടെയുണ്ടായിരുന്ന മുതിര്‍ന്ന പൊലീസുകാരന്‍ സമ്മതിക്കുകയും ചെയ്തു. അങ്ങനെയൊരു തെളിവ് നമുക്കാവശ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ വെറുതെ പറഞ്ഞ കാര്യം അംഗീകരിച്ചുകേട്ടപ്പോള്‍ ഞെട്ടിപ്പോയി.
ദിലീപിന്റെയും പള്‍സര്‍ സുനിയുടെയും ടവര്‍ ലൊക്കേഷനുകള്‍ പോലും തെളിവായി സൃഷ്ടിക്കപ്പെട്ടു. അവര്‍ രണ്ടുപേരും കണ്ടെന്നതില്‍ പോലും കൃത്യമായ തെളിവില്ല. ഇപ്പോഴും ഈ കേസില്‍ കുറേപ്പേര്‍ പുറത്ത് നില്‍ക്കുന്നതാണ് ഗൗരവതരം’. ശ്രീലേഖ പ്രതികരിച്ചു.
പൾസർ സുനിക്ക് ജയിലിൽ ഫോൺ എത്തിച്ച് നൽകിയത് ഒരു പൊലീസുകാരനാണെന്ന് സംശയമുള്ളതായും അവർ ആരോപിക്കുന്നു. നടി ആക്രമിക്കുപ്പെട്ട സമയത്ത് ഞാൻ ജയിൽ ഡിജിപിയായിരുന്നു. എനിക്ക് വളരെ അടുപ്പമുള്ള നടിമാർ പൾസർ സുനിയെ പറ്റി പറഞ്ഞിട്ടുണ്ട്. വിശ്വാസ്യത പിടിച്ചുപറ്റി പൾസർ സുനി തട്ടിക്കൊണ്ടുപോയി മൊബൈലിൽ ഇതുപോലെ ചിത്രങ്ങൾ ചിത്രീകരിച്ച് അവരെ ബ്ലാക്ക് മെയിൽ ചെയ്ചതായി അവര് എന്നോട് പറഞ്ഞിട്ടുണ്ടെന്ന് ശ്രീലേഖ പറയുന്നു.
പൾസർ സുനി കിടന്ന ജയിലിലെ എല്ലാ സെല്ലുകളിലും ക്യാമറയുണ്ട്. അതിൽ സുനി ഫോണിൽ സംസാരിക്കുന്ന ദൃശ്യങ്ങളുണ്ട്. അവനേയും അവന്റെ കൂട്ടരെയും കോടതിയിൽ കൊണ്ടുപോയി തിരിച്ചുകൊണ്ടുവന്നവരിൽ ഒരു പൊലീസുകാരൻ പൾസർ സുനിയോട് രഹസ്യമായി സംസാരിക്കുകയും എന്തോ കൈമാറുന്നതുപോലെ നടന്നുവെന്ന് സംശയിക്കുന്നത് പോലെ വീഡിയോ കിട്ടിയിരുന്നതായും ശ്രീലേഖ പറയുന്നു. ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് വെളിച്ചം കണ്ടിട്ടില്ലെന്നും അവർ പറയുന്നു. കേസിൽ പല തിരിമറികളും നടന്നതായി താൻ സംശയിക്കുന്നുണ്ടെന്നും ശ്രീലേഖ വീഡിയോയിൽ ആരോപിച്ചു. സർക്കാർ ഉദ്യോഗസ്ഥയായിരുന്ന സമയത്ത് തനിക്ക് പെരുമാറ്റച്ചട്ടങ്ങൾ ഉണ്ടായിരുന്നെന്നും എന്നാൽ പറയേണ്ട സ്ഥലങ്ങളിൽ താൻ ഇക്കാര്യം പറഞ്ഞിരുന്നെന്നും ശ്രീലേഖ പറയുന്നു.
Post Your Comments