ന്യൂഡൽഹി: വെടിയേറ്റ് കൊല്ലപ്പെട്ട ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്‌ക്ക് ആദരമർപ്പിച്ച് ഇന്ന് രാജ്യത്ത് ദേശീയ ദുഃഖാചരണം. പ്രിയ സുഹൃത്തിന്റ ആകസ്മിക മരണത്തിൽ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മരണവാർത്ത ഞെട്ടിപ്പിച്ചുവെന്നും എത്രമാത്രം ദുഃഖിതനാണ് താനെന്ന് പറയാൻ വാക്കുകളില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
ട്വിറ്ററിലെ തന്റെ ഔദ്യോഗിക പേജിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. 67-കാരനായിരുന്ന ഷിൻസോ ആബെ ജപ്പാനിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദത്തിലിരുന്ന വ്യക്തിയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന ആബെയ്‌ക്ക് ഇന്ത്യ പത്മവിഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. ആബെയോടുള്ള ആദരസൂചകമായി ഇന്ന് അമേരിക്കയിലും പതാക താഴ്‌ത്തി കെട്ടി.
പടിഞ്ഞാറൻ ജപ്പാനിലുള്ള നാര മേഖലയിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ട് വേദിയിൽ പ്രസംഗിക്കുന്നതിനിടെയായിരുന്നു ഷിൻസോ ആബെയ്‌ക്ക് നേരെ അക്രമി വെടിയുതിർത്തത്. മുൻ പ്രധാനമന്ത്രിയുടെ നെഞ്ചിൽ വെടിയേൽക്കുകയും അദ്ദേഹത്തെ ചോരവാർന്ന നിലയിൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ, ഹൃദയാഘാതം കൂടി സംഭവിച്ചതോടെ ആബെയുടെ ആരോഗ്യനില കൂടുതൽ വഷളാകുകയായിരുന്നു. മരുന്നുകളോട് പ്രതികരിക്കാതെയായ അദ്ദേഹം വൈകാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
Post Your Comments