മുംബൈ: അമരാവതിയില്‍ കെമിസ്റ്റിനെ അരുംകൊല ചെയ്ത സംഭവം മോഷണത്തിന്റെ പേരിലാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചത് വിവാദമാകുന്നു. ഇതുസംബന്ധിച്ച് സിറ്റി പോലീസ് കമ്മീഷണര്‍ ആരതി സിംഗിനെതിരെ അന്വേഷണം ശക്തമാകുന്നു. നുപുര്‍ ശര്‍മ്മയെ പിന്തുണച്ചിതിന്റെ പേരില്‍ തീവ്രവാദികള്‍ കെമിസ്റ്റിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം എപ്രകാരമാണ് കവര്‍ച്ചയെ തുടര്‍ന്നുണ്ടായ കൊലയാക്കി ചിത്രീകരിച്ചതെന്ന് വ്യക്തമാക്കണമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ചോദ്യം ഉന്നയിച്ചു.
‘അമരാവതിയില്‍ നടന്ന നരഹത്യ വളരെ ഗുരുതരമാണ്. പ്രതികള്‍ക്ക് അന്താരാഷ്ട്ര ബന്ധമുണ്ടോയെന്ന കാര്യം എന്‍ഐഎ അന്വേഷിക്കുകയാണ്’, ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു. തുടക്കത്തില്‍ കവര്‍ച്ചയായി കണക്കാക്കിയത് സംബന്ധിച്ച് പ്രത്യേക അന്വേഷണം നടക്കുന്നുണ്ടെന്നും ഫഡ്നാവിസ് വ്യക്തമാക്കി. സിറ്റി പോലീസ് കമ്മീഷണര്‍ ആരതി സിംഗിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അമരാവതി എം.പി നവ്നീത് റാണയും നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ജൂണ്‍ 21ന് അമരാവതിയില്‍ വെച്ച് മൂന്ന് ഭീകരര്‍ ചേര്‍ന്നാണ് കെമിസ്റ്റായ ഉമേഷ് കോല്‍ഹെയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ആദ്യം അന്വേഷണം തെറ്റായ ഗതിയിലാണ് തുടര്‍ന്നിരുന്നതെങ്കിലും ഉദയ്പൂരില്‍ കനയ്യലാല്‍ കൊല്ലപ്പെട്ടതോടെ അമരാവതിയില്‍ നടന്നത് വെറുമൊരു കൊലയല്ലെന്ന് കണ്ടെത്തുകയായിരുന്നു.
Post Your Comments