Latest NewsKeralaNewsIndia

സുപ്രീം കോടതി ഗ്യാലറിക്ക് വേണ്ടി കളിക്കുന്നു: നൂപുർ ശർമ്മയ്‌ക്കെതിരായ പരാമർശത്തിൽ വിമർശനവുമായി ഹരീഷ് വാസുദേവൻ

കൊച്ചി: പ്രവാചക നിന്ദ നടത്തിയ നൂപുർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണമെന്ന സുപ്രീം കോടതിയുടെ പരാമർശത്തിൽ പ്രതികരിച്ച് അഡ്വ. ഹരീഷ് വാസുദേവൻ ശ്രീദേവി. സുപ്രീംകോടതി ഗ്യാലറിയ്ക്ക് വേണ്ടി കളിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. ആളുകളുടെ ധാർമ്മികത അളക്കലോ മാപ്പ് പറയിപ്പിക്കലോ അല്ല സുപ്രീം കോടതിയുടെ ജോലിയൊന്നും, ഭരണഘടനാ-നിയമ വ്യാഖ്യാനമാണ് ചെയ്യേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു. സുപ്രീം കോടതി ഗ്യാലറിയുടെ കൈയ്യടിക്ക് വേണ്ടി കളിക്കുകയാണെന്ന അഭിഭാഷകൻ ഗൗതം ഭാട്ടിയയുടെ പോസ്റ്റ് പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘സുപ്രീംകോടതി ഗ്യാലറിയ്ക്ക് വേണ്ടി കളിക്കുകയാണ്. നൂപുർ ശർമ്മ നടത്തിയത് ഏതെങ്കിലും നിയമത്തിന്റെ ലംഘനം ആണെങ്കിൽ അവരെ ശിക്ഷിക്കണം, അതല്ലെങ്കിൽ അവരെ അവരുടെ പാട്ടിനു വിടണം. ഭരണഘടനാ-നിയമ വ്യാഖ്യാനമാണ് സുപ്രീം കോടതിയുടെ ജോലി. ആളുകളുടെ ധാർമ്മികത അളക്കലോ മാപ്പ് പറയിപ്പിക്കലോ അല്ല. നിയമവാഴ്ചയുടെ പ്രവർത്തനമറിയാത്ത സാധാരണക്കാരുടെ മുൻപിൽ തലവാചകങ്ങൾ സൃഷ്ടിക്കാനും കയ്യടി വാങ്ങാനും സമയം കളയുന്നത് അധികാര ദുർവിനിയോഗമാണ്. ഇത് ഉറക്കെപ്പറയാൻ ഗൗതം ഭാട്ടിയയെപ്പോലെ മറ്റു അഭിഭാഷകരും ധൈര്യം കാണിക്കണം’, ഹരീഷ് ഫേസ്‌ബുക്കിൽ കുറിച്ചു.

പോലീസ് പീഡനത്തിനെതിരായ വളരെ പ്രധാനപ്പെട്ട ഒരു സംരക്ഷണത്തെ തുരങ്കം വയ്ക്കുന്നതാണ് സുപ്രീം കോടതിയുടെ പരാമര്ശമെന്ന് ഗൗതം ഭാട്ടിയ വിമർശിച്ചു. ഇത് എല്ലായിടത്തെയും ആളുകളെ ബാധിക്കുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. ധാർമ്മിക പ്രഭാഷണങ്ങൾ നടത്താതെ, സുപ്രീം കോടതി അതിന്റെ ജോലി ചെയ്യിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് അദ്ദേഹം വിമർശിച്ചു.

അതേസമയം, നൂപുർ ശർമ്മ രാജ്യത്ത് ആക്രമണങ്ങൾ ആളിക്കത്തിക്കാൻ കാരണമായെന്നും രാജ്യത്തോട് മാപ്പ് പറയണമെന്നുമായിരുന്നു സുപ്രീം കോടതി പറഞ്ഞത്. ‘നൂപുർ ശർമ്മയുടെ ചർച്ച ഞങ്ങൾ കണ്ടു. എന്നാൽ, അവൾ ഇതെല്ലാം പറഞ്ഞ രീതിയും പിന്നീട് താനൊരു അഭിഭാഷകയാണെന്ന് പറയുന്നതും ലജ്ജാകരമാണ്. രാജ്യത്തോട് മാപ്പ് പറയണം. പ്രവാചകനെതിരെ നൂപുർ ശർമ്മ നടത്തിയ പരാമർശങ്ങൾ പബ്ലിസിറ്റിക്ക് വേണ്ടിയോ, അല്ലെങ്കിൽ എന്തെങ്കിലും രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടിയോ ആവണം. അവർ മാപ്പു പറഞ്ഞെങ്കിലും, അത് വളരെ വൈകിയാണ്. ടി.വിയിൽ പ്രത്യക്ഷപ്പെട്ട് രാജ്യത്തോട് മുഴുവൻ ആയിരുന്നു മാപ്പ് പറയേണ്ടിയിരുന്നത്. എന്തായാലും, ഇന്ന് രാജ്യത്ത് സംഭവിക്കുന്ന മുഴുവൻ പ്രശ്നങ്ങളുടെ ഒരേയൊരു കാരണക്കാരി അവർ തന്നെയാണ്’, സുപ്രീം കോടതി ബഞ്ച് വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button