കൊച്ചി: മുന്‍ രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപിയെ അപമാനിക്കാന്‍ ശ്രമം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച്, എന്‍ഡിഎ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു ചിലര്‍ അദ്ദേഹത്തെ അപമാനിക്കാന്‍ ശ്രമിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ.എന്‍.രാധാകൃഷ്ണന്റെ പ്രചാരണത്തിന്റെ ഭാഗമായി ആലിന്‍ചുവട് ജംഗ്ഷനില്‍ നടന്ന പൊതുയോഗത്തിനിടെയായിരുന്നു സംഭവം.
പ്രസംഗം തുടങ്ങിയതിന് പിന്നാലെ, വേദിയുടെ സൈഡില്‍ നിന്ന് ഏതാനും പേര്‍ സുരേഷ് ഗോപിയുടെ പേര് വിളിച്ച് അസഭ്യവര്‍ഷം നടത്തുകയായിരുന്നു. പിന്നാലെ, കൂക്കിവിളിച്ച് പ്രസംഗം അലങ്കോലപ്പെടുത്താനും ശ്രമം നടത്തി. ഇതോടെ, മൈക്കിന് മുന്‍പില്‍ നിന്ന് ബഹളം കേട്ട ഭാഗത്തെത്തി അപമാനിക്കാന്‍ ശ്രമിച്ചവര്‍ക്ക് തക്ക മറുപടി നല്‍കിയ ശേഷമാണ് സുരേഷ് ഗോപി വീണ്ടും പ്രസംഗം തുടര്‍ന്നത്.
‘അതാരാണെന്ന് മനസിലായിക്കാണുമല്ലോ അല്ലേ, ഇത് ഒരു തരം അസുഖമാണ്. അതിന് മുഖ്യമന്ത്രി ചികിത്സിച്ചാല്‍ മതി. ഇതാണ് ഈ നാടിന്റെ കുഴപ്പം. അസഹിഷ്ണുത മറ്റുളളവരുടെ പുറത്ത് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. ആര്‍ക്കാണ് അസഹിഷ്ണുത എന്ന് മനസിലായല്ലോ’, സുരേഷ് ഗോപി ചോദിച്ചു.
മുന്‍ എംപിയെ കാണാന്‍ തടിച്ചുകൂടിയ ആളുകള്‍, കരഘോഷത്തോടെയാണ് മറുപടി സ്വീകരിച്ചത്. തുടര്‍ന്ന്, അദ്ദേഹം പ്രസംഗം തുടരുകയും ചെയ്തു.
അതേസമയം, ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല. പരിപാടി അലങ്കോലപ്പെടുത്താന്‍ നേരത്തെ തന്നെ സംഘടിച്ച് കാത്തുനിന്നിരുന്നവരാണ് ബഹളം ഉണ്ടാക്കിയതെന്നാണ് സൂചന.
Post Your Comments