തിരുവനന്തപുരം: 2021ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ സുഖകരമായി അധികാരത്തിൽ തിരിച്ചെത്തിയ എൽഡിഎഫിന്റെ മുദ്രാവാക്യങ്ങളിൽ ഒന്നായിരുന്നു ‘സ്ത്രീ ശാക്തീകരണം, സ്ത്രീ സൗഹൃദം’ എന്നത്. കേരളത്തിലെ സ്ത്രീ വോട്ടർമാർ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാരിനെ അനുകൂലിച്ചത്, പിണറായി സർക്കാർ സ്ത്രീ സൗഹൃദമാണെന്ന ധാരണയിലാണ്. വലിയൊരു വിഭാഗം സ്ത്രീ വോട്ടർമാരും പിണറായി സർക്കാരിനെ പിന്തുണച്ചത് കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലെ ഫലപ്രദമായ നയങ്ങൾ കണ്ടുകൊണ്ടുമാണ്. കേരളത്തിലെ എൽഡിഎഫ് സർക്കാർ സ്ത്രീകൾക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് സ്ഥാപിച്ചു. രണ്ടാം തവണ അധികാരത്തിൽ വന്ന ശേഷം സമാന സ്ത്രീ ശാക്തീകരണ പ്രസംഗങ്ങളും നടത്തി. എന്നാൽ, വാളയാർ കേസും ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാത്ത തീരുമാനവുമെല്ലാം സർക്കാരിനെ ചോദ്യമുനയിൽ നിർത്തുകയാണ്. അക്കൂട്ടത്തിൽ കേരളത്തിലെ സ്ത്രീകളുടെ തൊഴിലില്ലായ്മയും ഒരു ചോദ്യ ചിഹ്നമാകുന്നു.
കേരളത്തിലെ എൽഡിഎഫ് സർക്കാർ സ്ത്രീകൾക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും സ്ത്രീകളുടെ ആവശ്യങ്ങൾക്ക് പ്രത്യേക പരിഗണ നൽകി നടപ്പിലാക്കുമെന്നും പലതവണ സർക്കാർ പ്രസ്താവിച്ചു. 2017-ൽ ആക്രമിക്കപ്പെട്ട യുവനടിക്കൊപ്പമെന്ന സർക്കാർ തീരുമാനം, സ്ത്രീ വോട്ടർമാരിൽ പ്രത്യേക മതിപ്പ് ഉണ്ടാക്കിയിരുന്നു. മലയാള ചലച്ചിത്ര വ്യവസായത്തിന്റെ ഇരുണ്ടറകളെ കുറിച്ച് അന്വേഷിക്കാൻ റിട്ടയേർഡ് ജഡ്ജി ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിൽ ഒരു അന്വേഷണ സമിതി രൂപീകരിച്ചു. മാത്രമല്ല, സ്ത്രീക്ഷേമത്തിന് ആകർഷകമായ വാഗ്ദാനങ്ങളടങ്ങിയ പ്രകടനപത്രികയുമായാണ് എൽഡിഎഫ് തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയത്. എന്നാൽ, ആ വാഗ്ദാനങ്ങളിൽ എന്തൊക്കെ പാലിക്കപ്പെട്ടു?
Also Read:തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നതു കൊണ്ടുള്ള ഗുണങ്ങള്‍!
കേരളത്തില്‍ ജോലിയുള്ള പുരുഷന്മാരും സ്ത്രീകളും തമ്മില്‍ വലിയ അന്തരമെന്ന പഠന റിപ്പോർട്ട് ജനങ്ങളെ ഞെട്ടിക്കുന്നതാണ്. 2019-20 കാലത്തെ കേന്ദ്ര സര്‍ക്കാറിന്റെ അഞ്ചാം കുടുംബാരോഗ്യ സര്‍വേ റിപ്പോർട്ട് പ്രകാരം കേരളത്തില്‍ വെറും 22.8 ശതമാനം സ്ത്രീകൾ മാത്രമാണ് തൊഴിൽ ചെയ്യുന്നത്. പുരുഷന്മാരില് ഈ കണക്ക് 70.5 ശതമാനമാണ്. ജനങ്ങളുടെ ആരോഗ്യ, സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങള്‍ പരിഗണിച്ചാണ് ഈ റിപ്പോർട്ട് തയ്യാറാക്കപ്പെട്ടിരിക്കുന്നത്.
സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങൾ ഇപ്പോഴും പിണറായിയുടെ സ്ത്രീ സൗഹൃദ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. വിവാഹിതരായതും, അല്ലാത്തതുമായ സ്ത്രീകൾ പലയിടങ്ങളിൽ നിന്നായി ശാരീരിക അതിക്രമങ്ങൾക്ക് ഇപ്പോഴും വിധേയരാകുന്നു. വിവാഹിതരായ സ്ത്രീകളില്‍ 9.9 ശതമാനം പേരും പങ്കാളിയില്‍ നിന്നും പീഡനം നേരിടുന്നു. 18 – 49 പ്രായത്തിന് ഇടയിലുള്ള സ്ത്രീകളില്‍ 0.5 ശതമാനം പേർ ഗര്‍ഭിണിയായിരിക്കുമ്പോള്‍ പോലും ഭർത്താവിൽ നിന്നും ശാരീരിക അതിക്രമത്തിന് ഇരയാവുന്നു.
ഇനി നടി ആക്രമിക്കപ്പെട്ട വിഷയത്തിലേക്ക് വരികയാണെങ്കിൽ, അവിടെയും മറ്റൊരു മുഖമാണ് കാണാനാവുക. തിരഞ്ഞെടുപ്പിന് മുൻപുണ്ടായ സർക്കാരിന്റെ മുഖമല്ല അത്. നടിക്കൊപ്പം നിന്ന്, കൃത്യമായ അന്വേഷണം നടത്തി ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറംലോകം കാണും എന്നായിരുന്നു തിരഞ്ഞെടുപ്പിന് മുൻപ് സർക്കാർ പറഞ്ഞത്. എന്നാൽ, ഇന്ന് സാഹചര്യങ്ങൾ മാറി. മലയാള ചലച്ചിത്രമേഖലയിലെ സ്ത്രീകളോടുള്ള വിവേചനവും ചൂഷണവും അന്വേഷിക്കാൻ 2017-ൽ നിയോഗിച്ച സമിതി, 2019 ഡിസംബറിൽ റിപ്പോർട്ട് സർക്കാരിന് മുൻപാകെ സമർപ്പിച്ചു. അതിനുശേഷം, വിമൻ ഇൻ സിനിമാ കളക്ടീവും (ഡബ്ല്യുസിസി) ലിംഗാവകാശങ്ങൾക്കായി പോരാടുന്ന മറ്റ് നിരവധി സംഘടനകളും പ്രവർത്തകരും മൊഴി നൽകിയ റിപ്പോർട്ട് സ്ത്രീകളുടെ വ്യക്തിത്വം വെളിപ്പെടുത്താതെ പരസ്യമാക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും സർക്കാർ അതിനു മാത്രം തയ്യാറായില്ല. മുൻപ് നൽകിയ വാഗ്ദാനങ്ങളെല്ലാം കാറ്റിൽ പറത്തിയെന്ന് സാരം.
സംഘടനയെ പഴിചാരി മന്ത്രിമാരും കൈകഴുകാൻ ശ്രമിച്ചു. റിപ്പോർട്ട് പരസ്യപ്പെടുത്തേണ്ടെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടെന്നായിരുന്നു പി.രാജീവ് പറഞ്ഞ ഇല്ലാക്കഥ. ഈ കഥ സംഘടന തന്നെ നിമിഷങ്ങൾക്കകം പൊളിച്ചടുക്കി. മേയ് അഞ്ചിന് മാധ്യമങ്ങളോട് സംസാരിക്കവെ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഡബ്ല്യുസിസിയെ പരോക്ഷമായി കുറ്റപ്പെടുത്തി. റിപ്പോർട്ട് ആരോട് ആവശ്യപ്പെട്ടാലും അവർക്ക് ഗൂഢലക്ഷ്യങ്ങളുണ്ടെന്ന അദ്ദേഹത്തിന്റെ ആരോപണത്തിൽ അപമാനിതരായത് ഡബ്ല്യുസിസിയിലെ സ്ത്രീകളാണ്. അവരെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. എന്നിരുന്നാലും, സർക്കാർ ആരുടെ പക്ഷത്താണ് എന്നതാണ് ഇവിടെ ചോദ്യം. സ്ത്രാ പക്ഷത്തോ? എങ്കിൽ റിപ്പോർട്ട് പുറത്തുവിടാത്തത് എന്ത്?
Post Your Comments