കാലിഫോര്‍ണിയ: സമൂഹ മാധ്യമമായ ട്വിറ്ററിനെ ചൊല്ലി ശീത യുദ്ധം ആരംഭിച്ചു. ട്വിറ്ററിനെ ഏത് വിധേനേയും പിടിച്ചടക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ടെസ്ല മേധാവി ഇലോണ്‍ മസ്‌ക്. എന്നാല്‍, കമ്പനിയെ ഒരിക്കലും വിട്ടുനല്‍കില്ലെന്ന ഉറച്ച നിലപാടിലാണ് നിലവിലെ ഭരണസമിതി അംഗങ്ങള്‍. ട്വിറ്റര്‍ ഏറ്റെടുത്തേ മതിയാകൂ എങ്കില്‍ മസ്‌കിനു മുന്നില്‍ ഏതാനും വഴികളേയുള്ളു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം, മസ്‌കിനെ പിന്തിരിപ്പിക്കാന്‍ ‘വിഷഗുളിക’ എന്ന തന്ത്രം പയറ്റാനുള്ള ശ്രമത്തിലാണ് ട്വിറ്റര്‍ ബോര്‍ഡ്.
മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കണമോ എന്നു ചോദിച്ചു ‘ബിറ്റ്കോയിന്‍ ആര്‍ക്കൈവ്’ എന്ന വെബ്സൈറ്റ് നടത്തിയ വോട്ടെടുപ്പില്‍ ഒടുവിലെ നില പ്രകാരം 73 ശതമാനം പേര്‍ അനുകൂലമായി വോട്ടു രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനു തന്റെ അക്കൗണ്ടില്‍ നന്ദി രേഖപ്പെടുത്തിയ മസ്‌ക് അടുത്ത ട്വീറ്റില്‍ ‘ലവ് മീ ടെന്‍ഡര്‍’ എന്നൊരു സന്ദേശമാണ് പതിച്ചത്. റോക്ക് എന്‍ റോള്‍ ഇതിഹാസം എല്‍വിസ് പ്രിസ്ലിയുടെ ഒരു പാട്ടാണത്. എന്നാല്‍, ഇത് ട്വിറ്റര്‍ ഓഹരിയുടമകള്‍ക്കു മുന്നില്‍ ഒരു ടെന്‍ഡര്‍ ഓഫര്‍ അവതരിപ്പിക്കാനുള്ള ശ്രമമായിരിക്കാമെന്ന് ബ്ലൂംബര്‍ഗ് പറയുന്നു. ട്വിറ്റര്‍ സ്വന്തമാക്കാനായി താന്‍ 43 ബില്യന്‍ ഡോളര്‍ നല്‍കാമെന്നാണ് മസ്‌ക് കമ്പനിയുടെ ഭരണസമിതിക്കു മുന്നില്‍ വച്ചിരിക്കുന്ന ഓഫര്‍.
എന്നാല്‍, ഭരണസമിതി അത് തള്ളിക്കളയാനാണ് സാധ്യത. ഇതേത്തുടര്‍ന്ന്, മസ്‌ക് കമ്പനിയെ ബലമായി പിടിച്ചെടുക്കാനുള്ള നീക്കം നടത്തിയേക്കുമെന്ന അഭ്യൂഹം ശക്തമാണ്.
അതേസമയം, മസ്‌ക് ഇതിന് തുനിഞ്ഞാല്‍ ട്വിറ്റര്‍ ഉടമകള്‍ ‘പോയിസണ്‍ പില്‍’ ഇറക്കുമെന്നാണ് സൂചന. തങ്ങളുടെ ഇഷ്ടത്തിനു വിരുദ്ധമായി കമ്പനി ആരെങ്കിലും ഏറ്റെടുക്കാന്‍ ശ്രമിച്ചാല്‍ പ്രതിരോധത്തിനായി ഭരണസമിതി ഉപയോഗിക്കുന്ന ഒരു സാമ്പത്തിക ഉപായമാണ് പോയിസണ്‍ പില്‍. ഇതില്‍, എന്തെല്ലാം സാമ്പത്തിക തന്ത്രങ്ങള്‍ ഉണ്ടായിരിക്കും എന്നതില്‍ ഉറപ്പൊന്നും ഇല്ല. കമ്പനിയുടെ ഓഹരിക്ക് അസാധാരണമായി വില വര്‍ദ്ധിപ്പിക്കുക എന്നതാണ് ഒരു മാര്‍ഗം. ഇതോടെ, വാങ്ങാന്‍ ഉദ്ദേശിക്കുന്നയാള്‍ വേണ്ടന്നു വയ്ക്കും. ഇത് 1980കള്‍ മുതല്‍ നിലവിലുണ്ടെന്നു ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു. തങ്ങള്‍ പോയിസണ്‍ പില്‍ ഇറക്കിയേക്കുമെന്ന സൂചന ട്വിറ്റര്‍ നല്‍കിയിട്ടുമുണ്ട്.
Post Your Comments