കൊച്ചി: ഒരുത്തീ സിനിമയുടെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിൽ നടൻ വിനായകൻ നടത്തിയ പരാമർശങ്ങൾ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. സിനിമാ-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിൽ നിന്നായി നിരവധി പേർ വിനായകനെതിരെ രംഗത്ത് വന്നതോടെ, മാധ്യമപ്രവർത്തകയെ ഉദാഹരണമായി ചൂണ്ടിക്കാണിച്ച് പറഞ്ഞ തന്റെ പരാമർശം തെറ്റായി പോയെന്ന് സമ്മതിച്ച് വിനായകൻ മാപ്പ് പറഞ്ഞിരുന്നു. ഇപ്പോഴിതാ, മീ ടൂ വിഷയത്തിൽ തന്റെ കാഴ്‌ചപ്പാട് തുറന്നുപറയുകയാണ് നടൻ ഷൈൻ ടോം ചാക്കോ.
മീ ടൂവിനെ കുറിച്ചുള്ള അഭിപ്രായം എന്താണ് എന്ന അവതാരകയുടെ ചോദ്യത്തിന്, ‘മീ ടൂ എന്താ വല്ല പലഹാരം ആണോ കഴിച്ചിട്ട് അഭിപ്രായം പറയാൻ’ എന്ന മറുപടിയായിരുന്നു ഷൈൻ ടോം നൽകിയത്. കൗമുദി മൂവിസിനോടായിരുന്നു താരത്തിന്റെ പ്രതികരണം. ഇത്തരം നെഗറ്റീവ് ആയ കാര്യങ്ങൾ ചോദിക്കാതിരിക്കുന്നതാണ് നല്ലതെന്നും ഷൈൻ പറയുന്നുണ്ട്. വിനായകൻ ചോദിച്ചത് പോലെയുള്ള ‘ചോദ്യങ്ങളോട്’ എന്താണ് വ്യക്തിപരമായ അഭിപ്രായമെന്ന് അവതാരക ചോദിക്കുന്നുണ്ട്. ഇതിനും ഷൈൻ ടോം കൃത്യമായ മറുപടി നൽകുന്നു.
‘അതൊക്കെ ഓരോരുത്തരുടേയും വ്യക്തിപരമായ കാര്യങ്ങളാണ്. ആണും പെണ്ണും ആകുമ്പോൾ ഒരുപാട് അട്രാക്ഷൻസ് ഉണ്ടാകും. അതിനെ ഏത് രീതിയിൽ എടുക്കണം എന്നത് ഓരോരുത്തരുടെ വ്യക്തിപരമായ വിഷയമാണ്. വെറുതെ കയറി എന്തിനാ ഇതിലൊക്കെ അഭിപ്രായം പറയാൻ നിൽക്കുന്നത്? സെക്സ് എഡ്യുക്കേഷൻ നമ്മുടെ നാട്ടിൽ ഇല്ലാത്തത് കൊണ്ടാണ് ഇതിനെ കുറിച്ച് ആൾക്കാർക്ക് ഇത്രയും ആകാംക്ഷ ഉള്ളത്. കുട്ടികളെ ചെറുപ്പം മുതലേ പഠിപ്പിക്കേണ്ട കാര്യമാണ് ഇതെല്ലം. ആണും പെണ്ണും എന്താണ്. ലൈംഗിക അവയവങ്ങൾ എന്തൊക്കെയാണ്? ഇതുകൊണ്ടുള്ള കാര്യങ്ങൾ എങ്ങനെയൊക്കെയാണ്. തുടങ്ങിയ എല്ലാ കാര്യങ്ങളും കുട്ടികളെ പഠിപ്പിക്കണം’, ഷൈൻ പറയുന്നു.
Post Your Comments