അബൂദാബി: അനധികൃത പണപ്പിരിവുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ. സാമൂഹിക വികസന മന്ത്രാലയമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. സംഭാവനകളുമായി ബന്ധപ്പെട്ട യുഎഇ ഫെഡറൽ നിയമം എല്ലാവരും അറിഞ്ഞിരിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. മന്ത്രാലയത്തിൽ നിന്നും അനുമതി വാങ്ങാതെ ധനസമാഹരണമോ പണം സ്വരൂപിക്കുന്നതിനു പരസ്യമോ പ്രചാരണമോ പാടില്ലെന്നും അധികൃതർ അറിയിച്ചു.
യുഎഇയിൽ ഒരാൾക്ക് സ്വന്തം ഇഷ്ടപ്രകാരം ധനസമാഹരണം നടത്താൻ അധികാരമില്ല. ഏതെങ്കിലും വ്യക്തികൾക്കോ കൂട്ടായ്മകൾക്കോ പണപ്പിരിവ് നടത്തണമെങ്കിൽ നിശ്ചിത സർക്കാർ കാര്യാലയങ്ങളിൽ നിന്ന് അനുമതി തേടേണ്ടതാണ്. നിയമലംഘനം നടത്തുന്നവരിൽ നിന്നും രണ്ട് ലക്ഷം ദിർഹമിൽ കുറയാത്ത തുകയോ 5 ലക്ഷത്തിൽ കൂടാത്ത സംഖ്യയോ പിഴയായി ഈടാക്കും.
ധനസമാഹരണത്തിലൂടെ സ്വരൂപിച്ച തുക സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചാൽ ഒന്നര ലക്ഷം മുതൽ മൂന്ന് ലക്ഷം ദിർഹം വരെയാണ് പിഴ ലഭിക്കുക. അനധികൃത ധനസമാഹരണ കേസുകൾ ആവർത്തിക്കുന്നവർക്കെതിരെ കടുത്ത് നടപടികളാകും സ്വീകരിക്കുക. വിദേശികൾ ഇത്തരം കേസുകളിൽ പിടിക്കപ്പെട്ടാൽ ശിക്ഷാ കാലവധിക്ക് ശേഷം നാടുകടത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Post Your Comments