തിരുവനന്തപുരം: തലശ്ശേരിയിലെ സി.പി.ഐ.എം പ്രവർത്തകൻ ഹരിദാസന്റെ കൊലപാതകത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അപലപിച്ചു. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അദ്ദേഹം പൊലീസിന് നിർദേശം നൽകി. ‘സമാധാന അന്തരീക്ഷം തകർക്കാൻ അക്രമികൾ നടത്തിയ ആസൂത്രിത സംഭവമാണിത്. നാട്ടിൽ കലാപം ഉണ്ടാക്കാനുള്ള ഇത്തരം ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കേണ്ടിയിരിക്കുന്നു. പ്രകോപനത്തിൽ വീഴാതെ പ്രദേശത്തെ സമാധാന അന്തരീക്ഷം നിലനിർത്തണം’ മുഖ്യമന്ത്രി വ്യക്തമാക്കി.
Also read: ബന്ധു രണ്ട് വയസ്സുകാരിയെ ക്രൂരമായി മർദ്ദിച്ചു: തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് വെന്റിലേറ്ററിൽ
ഹരിദാസിന്റെ ശരീരത്തിൽ ഇരുപതിലധികം വെട്ടുകളുണ്ടെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട് വ്യക്തമാക്കി. ഇടതുകാൽ മുറിച്ചു മാറ്റിയ നിലയിൽ ആയിരുന്നു. കൂടുതൽ മുറിവുകൾ അരയ്ക്കു താഴേയ്ക്കാണെന്നും റിപ്പോർട്ട് പറയുന്നു. മുറിവുകളുടെ എണ്ണം കണക്കാക്കാൻ ബുദ്ധിമുട്ടാണ്. ഒരേ വെട്ടിൽ തന്നെ തുടരെ വെട്ടുകൾ കൊണ്ടിരുന്നു. അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്നും റിപ്പോർട്ട് സ്ഥിരീകരിച്ചു.
വീട്ടുമുറ്റത്ത് വെച്ചാണ് കൊലപാതകം നടന്നത്. സംഭവിച്ചത് രാഷ്ട്രീയ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാറായിട്ടില്ല. സംഭവത്തോട് അനുബന്ധിച്ച് വിവാദ പ്രസംഗം നടത്തിയ ബി.ജെ.പി കൗൺസിലർ ലിജേഷിനെ കസ്റ്റഡിയിൽ എടുക്കുമെന്ന് കമ്മിഷണർ ആർ. ഇളങ്കോ അറിയിച്ചു. ഹരിദാസ് വധക്കേസിൽ പൊലീസ് ഇതുവരെ ഏഴു പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
Post Your Comments