തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ ഇനി വലിയ തോതിൽ വർധിക്കാനുള്ള സാഹചര്യമില്ലെന്നും എല്ലാവരും കുറച്ചുനാൾ കൂടി ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് ഒന്നും രണ്ടും തരംഗത്തിലുള്ള സ്ട്രാറ്റജിയല്ല മൂന്നാം തരംഗ ഘട്ടത്തിൽ സംസ്ഥാനം സ്വീകരിച്ചതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ‘രണ്ടാം തരംഗത്തിലെ ഡെൽറ്റാ വകഭേദത്തിനു തീവ്രത കൂടുതലായിരുന്നു. ഒമിക്രോൺ വകഭേദത്തിനു വ്യാപന ശേഷി കൂടുതലാണെങ്കിലും തീവ്രത കുറവാണ്. ജനുവരി ഒന്നിനാണ് മൂന്നാം തരംഗം സംസ്ഥാനത്ത് ആരംഭിച്ചത്. രണ്ടാം തരംഗത്തിൽ കഴിഞ്ഞ വർഷം മേയ് 12ന് 43,529 ആയിരുന്നു ഏറ്റവും ഉയർന്ന കേസ്. മൂന്നാം തരംഗത്തിൽ ഈ ജനവരി 25ന് 55,475 ആയിരുന്നു ഏറ്റവും ഉയർന്ന കേസ്. എന്നാൽ ഉയർന്ന വേഗത്തിൽത്തന്നെ കേസുകൾ കുറഞ്ഞു വരികയാണെന്ന്’ അദ്ദേഹം വ്യക്തമാക്കി.
Read Also: കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 3,162 കേസുകൾ
‘ജനുവരി ആദ്യ ആഴ്ചയിൽ 45 ശതമാനമാണ് കോവിഡ് കേസുകളിൽ വർധനവുണ്ടായത്. ജനുവരി മൂന്നാം ആഴ്ചയിൽ 215 ശതമാനമാണ് വർധിച്ചത്. എന്നാൽ പിന്നീട് അതു കുറഞ്ഞു. തൊട്ടു മുമ്പത്തെ ആഴ്ചയിൽ വർധനവ് 10 ശതമാനമായി. ഇപ്പോൾ വർധനവ് മൈനസ് 39 ശതമാനം മാത്രമാണ്. നിലവിലുള്ള 2,83,676 ആക്ടീവ് കോവിഡ് കേസുകളിൽ, 3.2 ശതമാനം പേരെ മാത്രമാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. 54 ശതമാനം ഐസിയു കിടക്കകളും ഒഴിവാണ്. 14.1 ശതമാനം പേർ മാത്രമാണ് വെന്റിലേറ്ററിലുള്ളത്. 85 ശതമാനത്തോളം വെന്റിലേറ്ററുകൾ ഒഴിവുമുണ്ട്. ലോകമെമ്പാടും ഒമിക്രോൺ തരംഗത്തെ നേരിടാൻ ഉപയോഗിക്കുന്ന ഫലപ്രദമായ മാർഗമാണ് ഗൃഹ പരിചരണം. ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത കൊണ്ടല്ല ഗൃഹ പരിചരണത്തിന് പ്രാധാന്യം കിട്ടുന്നത്. ഒമിക്രോൺ തരംഗത്തിൽ മൂന്നു ശതമാനം ആളുകൾക്ക് മാത്രമാണ് ആശുപത്രി ചികിത്സ വേണ്ടി വരുന്നത്. അതേസമയം ഒരു ശതമാനം പേർക്ക് ഗുരുതരമാകുകയും ചെയ്യും. ന്യുമോണിയ ഉണ്ടാകാൻ സാധ്യയുള്ള ഈ ഒരു ശതമാനം പേരെ കണ്ടു പിടിച്ച് കൃത്യമായ ചികിത്സ നൽകുകയാണ് പ്രധാനം. ഗൃഹ പരിചരണത്തിൽ ഇരിക്കുന്ന രോഗികൾ അപായ സൂചനകൾ ശ്രദ്ധിച്ചില്ലെങ്കിൽ രോഗം ഗുരുതരമാകാനുള്ള സാധ്യതയുണ്ട്. ശ്വാസതടസം, നെഞ്ചുവേദന, രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുക, മുന്ന് ദിവസത്തിലധികം നീണ്ട് നിൽക്കുന്ന പനി എന്നിവ കണ്ടാൽ ഉടൻ തന്നെ ഡോക്ടറുടെ സേവനം തേടേണ്ടതാണ്. ഇ സഞ്ജീവനി വഴിയോ ദിശ വഴിയോ ഡോക്ടറുമായി ബന്ധപ്പെടുകയും സംസാരിക്കുകയും ചെയ്യാവുന്നതാണെന്നു’ മുഖ്യമന്ത്രി അറിയിച്ചു.
‘സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ളവരുടെ ആദ്യ ഡോസ് വാക്‌സിനേഷൻ 100 ശതമാനമായി. രണ്ടു ഡോസും എടുത്തവർ 85 ശതമാനമാണ്. 15 മുതൽ 17 വയസു വരെയുള്ള വാക്‌സിനേഷൻ 74 ശതമാനവുമായി. കരുതൽ ഡോസിന് അർഹതയുള്ള 41 ശതമാനം പേർക്കും വാക്‌സിൻ നൽകി. മഹാ ഭൂരിപക്ഷം പേരും രോഗ പ്രതിരോധ ശേഷി നേടിയിട്ടുണ്ട്. എല്ലാ ആശുപത്രികളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ സജ്ജമാക്കിയിട്ടുണ്ട്. സംസ്ഥാനത്താകെ 24 ആശുപത്രികളിൽ ക്യാൻസർ ചികിത്സാ സംവിധാനമൊരുക്കി. വൃക്ക രോഗികൾക്ക് ആശുപത്രികളിൽ വരാതെ വീടുകളിൽ തന്നെ ഡയാലിസിസ് ചെയ്യാനുള്ള പദ്ധതി ആരംഭിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജീവിതശൈലി രോഗങ്ങളുള്ള മുതിർന്ന പൗരൻമാർക്കും ബിപിഎൽ വിഭാഗത്തിൽപ്പെട്ട ജനവിഭാഗങ്ങൾക്കും അനുബന്ധ രോഗങ്ങളുള്ളവർക്കും വീടുകളിൽ സൗജന്യമായി മരുന്നുകൾ എത്തിച്ചു നൽകുന്നതിനായി ആരോഗ്യ വകുപ്പ് പദ്ധതിയാവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നുണ്ടെന്നും’ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Read Also: സില്‍വര്‍ ലൈന് കേന്ദ്ര ബജറ്റില്‍ നിന്ന് സഹായമുണ്ടാകില്ല
Post Your Comments