KeralaLatest NewsNews

മമ്മൂട്ടിയാണോ മധുവിൻ്റെ കേസ് നടത്തേണ്ടത്, സർക്കാരിൻ്റെ കയ്യിൽ പണമില്ലേ? : പിണറായിക്കു നേരെ പരിഹാസവുമായി ഷാജി

നീതി സഹതാപത്തിൽ നിന്നും ദീനാനുകമ്പയിൽ നിന്നുമല്ല വരേണ്ടത്. ഭരണഘടനാപരമായ ജനാധിപത്യാവകാശങ്ങളിൽ നിന്നാണ്.

കൊച്ചി: അട്ടപ്പാടിയിൽ ആൾക്കൂട്ട മർദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തിൽ സഹായവുമായി നടൻ മമ്മൂട്ടി രംഗത്ത് എത്തിയത് വലിയ വാർത്തയാകുന്നുണ്ട്. മധുവിന്റെ കുടുംബത്തിന് ആവശ്യമായ നിയമോപദേശ സഹായമോ, അവർ ആവശ്യപ്പെടുന്ന നിയമ സഹായങ്ങളോ ആണ് മമ്മൂട്ടി ലഭ്യമാക്കുകയെന്നും നടന്റെ പിആർഒ റോബർട്ട് കുര്യാക്കോസ് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുകയും ചെയ്തു. ഇപ്പോഴിതാ അട്ടപ്പാടിയിൽ കയ്യേറ്റക്കാരുടെ ക്രിമിനൽ സംഘം അടിച്ച് കൊന്ന മധുവിൻ്റെ കേസ് നടത്തേണ്ടത് നടൻ മമ്മൂട്ടിയാണോയെന്നും ഒരു പബ്ലിക് പ്രൊസിക്യൂട്ടറെ വയ്ക്കാൻ സർക്കാരിൻ്റെ കയ്യിൽ പണമില്ലേയെന്നും വിമർശനം.

read also: കോടതിയിലിരിക്കുന്ന കേസിന്റെ വിചാരണയും വിധിയും സ്വയം നടത്തി ആരോപണവിധേയനെ വേട്ടയാടലല്ല മാധ്യമപ്രവർത്തനം : സോഷ്യൽ മീഡിയ

മാധ്യമപ്രവർത്തകൻ കെ എ ഷാജി പങ്കുവച്ച കുറിപ്പ്

സിനിമാ നടൻ മമ്മൂട്ടിയാണോ അട്ടപ്പാടിയിൽ കയ്യേറ്റക്കാരുടെ ക്രിമിനൽ സംഘം അടിച്ച് കൊന്ന മധുവിൻ്റെ കേസ് നടത്തേണ്ടത്? കഴിവുറ്റ ഒരു പബ്ലിക് പ്രൊസിക്യൂട്ടറെ വയ്ക്കാൻ സർക്കാരിൻ്റെ കയ്യിൽ പണമില്ലേ?
ആഭ്യന്തര-നിയമ വകുപ്പുകൾക്കില്ലെങ്കിൽ പട്ടിക ജാതി-പട്ടിക വർഗ്ഗ വകുപ്പിൽ പണമില്ലേ?

മുങ്ങാത്ത കപ്പലിൻ്റെ ക്യാപ്റ്റനെക്കുറിച്ച് വീരവാദം മുഴക്കുന്ന മെത്രാൻ കക്ഷി മന്ത്രിയൊക്കെയുള്ള നാട്ടിൽ സർക്കാരിൻ്റെ പരിരക്ഷയല്ല മെഗാസ്റ്റാറിൻ്റെ ചാരിറ്റിയാണ് വലുതെന്നാണോ? എന്നാൽ നമുക്കിനി മെഗാ ചാരിറ്റി ഷോകൾ നടത്താം. മനുഷ്യ സ്നേഹികളായ മമ്മൂട്ടിമാരും യൂസഫലിമാരും വേദിയിൽ വരട്ടെ. നിയമ സഹായം വേണ്ട പാവങ്ങൾ അവർക്ക് മുന്നിൽ വരിയും നിരയുമായി ഓച്ഛാനിച്ച് നില്ക്കട്ടെ.

നീതി സഹതാപത്തിൽ നിന്നും ദീനാനുകമ്പയിൽ നിന്നുമല്ല വരേണ്ടത്. ഭരണഘടനാപരമായ ജനാധിപത്യാവകാശങ്ങളിൽ നിന്നാണ്.
മധുവിൻ്റെ കേസ് നടത്താൻ കാശ് സർക്കാർ തന്നെ കൊടുക്കട്ടെ. മമ്മുട്ടിയുടെ കാശുണ്ടെങ്കിൽ സർക്കാർ അനുവദിച്ച കോടികൾ മടക്കി കൊടുത്ത് ആർ ബാലകൃഷ്ണപിള്ളയ്ക്കും കെ എം മാണിക്കും സ്വന്തം നിലയിൽ സ്മാരകങ്ങൾ നിർമ്മിക്കട്ടെ.

ശ്രീ എമ്മിന് ആർഎസ്എസ് അഭ്യാസം നടത്താൻ പൊതു സ്ഥലം പതിച്ച് കൊടുത്തവരാണ് നാട് ഭരിക്കുന്നത്. അവർക്ക് ധൂർത്തടിക്കാൻ കാശുണ്ട്.
ആദിവാസിയെ വന്തേവാസി ക്രിമിനൽസ് തല്ലിക്കൊന്നാൽ സുപ്രീം കോടതി വക്കീലൊന്നുമില്ല.

നിയമസഹായം ചാരിറ്റിയല്ല. ആദിവാസികൾക്ക് വേണ്ടത് ചാരിറ്റിയല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button