കൊച്ചി: കള്ളുഷാപ്പിനടുത്ത് സ്ഥലം വാങ്ങി വീട് വെച്ചതിനു ശേഷം, ഷാപ്പ് സ്വകാര്യതയ്ക്ക് തടസ്സമാണെന്ന് പറയുന്നത് ശരിയല്ലെന്ന് ഹൈക്കോടതി. ഷാപ്പ് മാറ്റി സ്ഥാപിക്കണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ജസ്റ്റിസ് പി.ബി. സുരേഷ് കുമാറും ജസ്റ്റിസ് സി.എസ്. സുധയും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് വിലയിരുത്തിയത്. വൈക്കം റേഞ്ച് പരിധിയിലെ ഒരു കള്ളുഷാപ്പു മാറ്റി സ്ഥാപിക്കണമെന്ന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു.
1994 മുതൽ പ്രവർത്തിക്കുന്ന കള്ളുഷാപ്പിനരികെ 2005-ൽ വീട്ടമ്മ സ്ഥലം വാങ്ങിക്കുകയും, പിന്നീട് വീടു പണിയുകയുമാണ് ചെയ്തത്. ഇതിനു ശേഷം തന്റെയും കുടുംബത്തിന്റെയും സ്വകാര്യത ഹനിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി വീട്ടമ്മ നൽകിയ പരാതിയിൽ ഷാപ്പ് മാറ്റി സ്ഥാപിക്കാൻ സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ, അനുയോജ്യമായ സ്ഥലമില്ലെന്ന് ചൂണ്ടിക്കാട്ടി ലൈസൻസി നൽകിയ പരാതിയിൽ സ്ഥലം കിട്ടുന്നതു വരെ ഷാപ്പ് അവിടെത്തന്നെ തുടരാൻ സർക്കാർ അനുമതി നൽകുകയും ചെയ്തു.
ഇതിനെതിരെയാണ് വീട്ടമ്മ സിംഗിൾ ബെഞ്ചിന് ഹർജി നൽകിയത്. ഷാപ്പ് മാറ്റി സ്ഥാപിക്കണമെന്നല്ലാതെ അടച്ചു പൂട്ടാൻ സർക്കാർ ഉത്തരവിട്ടിട്ടില്ലെന്നത് കോടതി പരിഗണിച്ചിരുന്നു. മാറ്റി സ്ഥാപിക്കാൻ എതിർപ്പില്ലാത്ത സ്ഥലം ഷാപ്പിന്റെ പരിധിയിൽ വേറെയുള്ളത് ചൂണ്ടിക്കാട്ടാൻ ഹർജിക്കാരിക്ക് സാധിച്ചില്ല. ഇതെല്ലാം വിലയിരുത്തിയാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്.
Post Your Comments