തിരുവനന്തപുരം : കേരള സംഗീത നാടക അക്കാദമി ചെയര്മാന് നിയമനത്തില്‍ ഇടത് പക്ഷത്തിനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം.കേരള സംഗീത നാടക അക്കാദമിയിലേക്കും മറ്റും തലപ്പത്ത് നടത്തിയിരിക്കുന്ന പുതിയ നിയമനങ്ങൾ ഏത് ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണെന്ന് വി.ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. പിണറായി വിജയനും കൂട്ടരും മാത്രമല്ല, ഇക്കാലമത്രയും ഇടതുപക്ഷത്തിന് വേണ്ടി വായിട്ടലച്ച് കൊണ്ടിരുന്ന മുഴുവൻ സാംസ്ക്കാരിക പരാദ ജീവികളും വിശദീകരണം നൽകണമെന്നും ബൽറാം പറയുന്നു.
Read Also : പോലീസിനെ ആക്രമിച്ച സംഭവം : അതിഥി തൊഴിലാളികൾക്കെതിരെ തുഷാർ വെള്ളാപ്പള്ളി
കുറിപ്പിന്റെ പൂർണരൂപം :
ചലച്ചിത്ര അക്കാദമിയിൽ ജീവനക്കാരായി സിപിഎമ്മുകാരെ പിൻവാതിലിലൂടെ നിയമിക്കുന്നതിന് ശുപാർശ ചെയ്തുകൊണ്ട് അന്ന് ചെയർമാനായിരുന്ന കമൽ പറഞ്ഞത് അത് അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്താനാണെന്നാണ്. എന്ത് നിയമവിരുദ്ധതയും നെറികേടും കാണിച്ചാണെങ്കിലും “ഇടതുപക്ഷ സ്വഭാവം” ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് കരുതുന്ന കേരളത്തിലെ സാംസ്ക്കാരിക പ്രമുഖരാരും ആ അഴിമതി നിയമനങ്ങളെ നേരിയ തോതിൽ പോലും എതിർക്കാൻ തയ്യാറായില്ല.
അതുകൊണ്ടുതന്നെ, ഇന്ന് കേരള സംഘീത നാടക അക്കാദമിയിലേക്കും മറ്റും തലപ്പത്ത് നടത്തിയിരിക്കുന്ന പുതിയ നിയമനങ്ങൾ ഏത് ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണെന്ന് വിശദീകരിക്കേണ്ടത് പിണറായി വിജയനും കൂട്ടരും മാത്രമല്ല, ഇക്കാലമത്രയും “ഇടതുപക്ഷ”ത്തിന് വേണ്ടി വായിട്ടലച്ചു കൊണ്ടിരുന്ന മുഴുവൻ സാംസ്ക്കാരിക പരാദ ജീവികളുമാണ്. അതോ, ഇതു തന്നെയാണോ നിങ്ങളൊക്കെ തലയിലേറ്റിനടക്കുന്ന ഈ “ഇടതുപക്ഷം” ?
Post Your Comments