വടകര: ബാലുശ്ശേരി ഗവ: ഹയർ സെക്കർന്ഡറി സ്കൂളിലെ ജെൻഡർ ന്യൂട്രല് യൂണിഫോമിനെ പിന്തുണച്ച് വടകര എംഎല്എയും ആർഎംപി നേതാവുമായ കെകെ രമ. ജെൻഡർ ന്യൂട്രൽ വേഷങ്ങളെന്നാൽ ഒറ്റ പാറ്റേൺ ആരിലും അടിച്ചേല്പിക്കുകയല്ല. കാലങ്ങളായി ജെ ൻഡറിന്റെ പേരിൽ വസ്ത്രധാരണ രംഗത്ത് നിലനിൽക്കുന്ന പൊതുബോധ വിലക്ക് മറികടക്കാൻ ആ വിലക്ക് അനുഭവിക്കുന്ന വിഭാഗത്തെ പിന്തുണയ്ക്കുക എന്നാണർത്ഥമെന്നും എംൽഎ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം
യൂണിഫോം രംഗത്ത് വലിയൊരു ചുവടുവയ്പാണ് ബാലുശ്ശേരി ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ നടത്തിയിരിക്കുന്നത്. ലിംഗ നിരപേക്ഷത (Gender Nutral aproach) ഉയർത്തിപ്പിടിച്ച് പെൺകുട്ടികൾക്കും പാന്റും ഷർട്ടും യൂണിഫോമാകുന്നു.
പൊതുവേ യൂണിഫോം എന്ന നിലയിൽ വലിയ വിലക്കുകളും ബാദ്ധ്യതകളും കുട്ടികളുടെ മേൽ അടിച്ചേല്പിക്കാറാണ് പതിവ്. പലപ്പോഴും പെൺകുട്ടികൾ അതിന്റെ അമിത ഭാരം ഏറ്റെടുക്കേണ്ടി വരാറുണ്ട്. രണ്ട് വശം മുടി മെടഞ്ഞിട്ട് മടക്കി കെട്ടുകയൊക്കെ അതിന്റെ ഭാഗമായിരുന്നു. പുതിയ മൂല്യ ബോധങ്ങളുടെ വെളിച്ചത്തിൽ അത്തരം കാലഹരണപ്പെട്ട പലതും ഉപേക്ഷിക്കുകയും പുതിയ സാദ്ധ്യതകൾ സ്വാംശീകരിക്കുകയും ചെയ്താണ് നാമൊരു വളരുന്ന സമൂഹമാവുന്നത്.
അതു പോലെ തന്നെയാണ് പാവാടയും ബ്ലൗസും എന്ന പെൺകുട്ടികളുടെ യൂണിഫോം മാതൃക ചുരിദാറിലേക്ക് മാറിയതും, ഇപ്പോഴത് ബാലുശ്ശേരി സ്കൂളിൽ പാന്റും ഷർട്ടുമായി മാറുന്നതും.
സാധനങ്ങൾ സൂക്ഷിക്കുന്ന പോക്കറ്റുകളും, സ്പോർട്സിലും ഗെയിംസിലും മറ്റുമിറങ്ങുമ്പോൾ സ്വതന്ത്രമായ ചലന സാദ്ധ്യതകളും പെൺകുട്ടികൾക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല.
സ്ത്രീ ശരീരത്തിനു മേൽ അക്രമോത്സുക ആൺ നോട്ടം പ്രബലമായി നിൽക്കുന്ന അതേ സമൂഹത്തിൽ തന്നെയാണ് എളുപ്പം തെന്നിമാറുകയും സ്വഭാവിക ചലനങ്ങൾ പോലും ബുദ്ധിമുട്ടാവും വിധമുള്ള വസ്ത്രങ്ങൾ ആദർശാത്മക വസ്ത്ര മാതൃകകളായി വാഴ്ത്തപ്പെടുന്നത്. സാരിയടക്കം ഒരു വസ്ത്രവും മോശമാണെന്നല്ല, അവ രൂപപ്പെട്ടതിന് പിന്നിലെ സാമൂഹ്യ/സാംസ്കാരിക പരിഗണനകൾ സൂചിപ്പിച്ചതാണ്.
V ഷേപ്പിൽ കുത്തി നിർത്തിയ ഷോളും നമ്മുടെ കാലാവസ്ഥയ്ക്ക് ഒട്ടും യോജിക്കാത്ത കോട്ടും ചുരിദാറിന്റെ ഭാഗമായി പെൺകുട്ടികൾ മാത്രം ധരിക്കേണ്ടി വരുന്നു. അതവരുടെ ഇഷ്ടമല്ല എന്നറിയാൻ യൂണിഫോമില്ലാത്ത സ്വാഭാവിക സന്ദർഭങ്ങളിൽ നമ്മുടെ ഭൂരിഭാഗം പെൺകുട്ടികളും ധരിക്കുന്ന വേഷങ്ങൾ ശ്രദ്ധിച്ചാൽ മതി. ആ പരിമിതകൾ മറികടക്കും വിധമാണ് പുതിയ യൂണിഫോം ബാലുശ്ശേരി സ്കൂളിൽ നടപ്പാക്കുന്നത്.
ജൻഡർ ന്യൂട്രൽ വേഷങ്ങളെന്നാൽ ഒറ്റ പാറ്റേൺ അടിച്ചേല്പിക്കുകയല്ല. കാലങ്ങളായി ജൻഡറിന്റെ പേരിൽ വസ്ത്രധാരണ രംഗത്ത് നിലനിൽക്കുന്ന പൊതുബോധ വിലക്ക് മറികടക്കാൻ ആ വിലക്ക് അനുഭവിക്കുന്ന വിഭാഗത്തെ പിന്തുണയ്ക്കുക എന്നാണർത്ഥം. പാന്റും ഷർട്ടും ആണുങ്ങളുടെ മാത്രം വേഷമല്ല. അതിന്റെ സൗകര്യങ്ങൾ ഞങ്ങൾക്ക് കൂടി വേണമെന്നുള്ളതാണ്.
പുതിയൊരു മാറ്റം വരുമ്പോൾ പലവിധ ആശങ്കകളും സ്വാഭാവികമാണ്. അത്തരം ആശങ്കകളോട് വിദ്യാലയാധികൃതർ വളരെ പോസിറ്റീവായാണ് പ്രതികരിച്ചത്. കുട്ടികളുടെ ഇഷ്ടത്തിനനുസരിച്ച് കൈ നീളം കൂട്ടാനോ ഷർട്ടിന് നീളം കൂട്ടാനോ ഷാൾ, മഫ്ത, കോട്ട് തുടങ്ങിയവ ഉപയോഗിക്കാനോ ഒരു തടസ്സവുമില്ല എന്നവർ പല തവണ വ്യക്തമാക്കി കഴിഞ്ഞു. അതും ഒരു നല്ല മാതൃകയാണ്. നമ്മുടേതു പോലുള്ള ഒരു ബഹുമതസ്ഥ/ബഹുസ്വര സമൂഹത്തിൽ അത്തരം ആശങ്കകളോടും അഭിപ്രായങ്ങളോടും നിഷേധാത്മക സമീപനം സ്വീകരിക്കുന്നത് ഗുണകരമാവില്ല.
വസ്ത്രാധാരണം ഒരു അടിച്ചേൽപ്പിക്കലല്ലെന്നും, അതിന്റെ തിരഞ്ഞെടുപ്പ് ഓരോ വ്യക്തിയുടെയും ഇഷ്ടാനിഷ്ടങ്ങൾ തന്നെയാണെന്ന ബോധ്യത്തിലൂന്നിയും വിവേചന രഹിതമായ ഒരു ലോകത്തേക്ക് കുതിക്കട്ടെ നമ്മുടെ കൗമാരങ്ങൾ.
അഭിനന്ദനങ്ങൾ
Post Your Comments