തിരുവനന്തപുരം: മുല്ലപ്പരിയാര്‍ ബേബി ഡാമിലെ മരങ്ങള്‍ മുറിക്കുന്നതിന് തമിഴ്‌നാടിന് അനുമതി നല്‍കിയ കേരള ഉത്തരവ് നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. മരം മുറി വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
Read Also : അവയവ ദാനത്തിലൂടെ അഞ്ചുപേര്‍ക്ക് പുതു ജീവിതമേകി ഉഷാ ബോബന്‍ യാത്രയായി
സംസ്ഥാന വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ ചെയര്‍മാന്‍ മുഖ്യമന്ത്രിയും വൈസ് ചെയര്‍മാന്‍ വനം മന്ത്രി എകെ ശശീന്ദ്രനുമാണ്. ഇവര്‍ അറിയാതെ ഉദ്യോഗസ്ഥന്‍ മരംമുറിക്കാന്‍ അനുമതി നല്‍കിയെന്ന് പറഞ്ഞാല്‍ വിശ്വസിക്കുന്ന മണ്ടന്മാരല്ല കേരളത്തിലെ ജനങ്ങളെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. മരം മുറി ഉത്തരവ് മരവിപ്പിക്കുകയാണ് വനം വകുപ്പ് ചെയ്തത്. എന്തു കൊണ്ട് റദ്ദാക്കിയില്ലെന്നും ഉത്തരവ് റദ്ദാക്കാന്‍ എന്തു കൊണ്ടാണ് കേരളത്തിന് കൈവിറക്കുന്നതെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന് സമീപത്തെ മരം മുറിക്കുന്നതിന് കേന്ദ്ര വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെയാണ് ഉത്തരവിറക്കിയതെന്ന് വനം മന്ത്രി സഭയില്‍ മറുപടിയായി പറഞ്ഞു. 23 മരങ്ങള്‍ മുറിക്കണമെന്നാണ് തമിഴ്‌നാട് ആവശ്യപ്പെട്ടത്. അതില്‍ 15 മരങ്ങള്‍ മുറിക്കാന്‍ ഉത്തരവിട്ടത് ഇന്നലെയാണ് ശ്രദ്ധയില്‍പ്പെട്ടതെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ‘കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് വെള്ളം’ ഇതാണ് സര്‍ക്കാര്‍ നയമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മരം മുറിക്കാന്‍ അനുമതി നല്‍കിയ നടപടി ഗുരുതര വിഷയമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സഭയില്‍ പറഞ്ഞു. വകുപ്പിലെ കാര്യങ്ങള്‍ അറിയാന്‍ സാധിക്കുന്നില്ലെങ്കില്‍ എന്തിനാണ് എകെ ശശീന്ദ്രന്‍ മന്ത്രി കസേരയില്‍ ഇരിക്കുന്നതെന്നും വി ഡി സതീശന്‍ ചോദിച്ചു.
Post Your Comments