തിരുവനന്തപുരം: തന്റെ സമ്മതം കൂടാതെ കുഞ്ഞിനെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറിയ സംഭവത്തിൽ നിയമപോരാട്ടം നടത്തുന്ന അനുപമയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകരെ പോലീസ് ഐറ്റം എന്ന് വിളിച്ചു പരിഹസിച്ചതായി ആരോപണം. യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായരാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഒക്ടോബര്‍ 26 നായിരുന്നു വീണ എസ് നായരും മറ്റ് പ്രവര്‍ത്തകരും നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയത്. തങ്ങളെ പോലീസ് ‘ഐറ്റം’ എന്ന് വിളിച്ചെന്നാണ് വീണ ആരോപിക്കുന്നത്. മാര്‍ച്ചിനിടെ പരിക്കേറ്റ തങ്ങള്‍ക്ക് പോലീസ് പ്രഥമ ശുശ്രൂഷ പോലും നല്‍കിയില്ലെന്നും വീണ ആരോപിച്ചു.
read also: ജമ്മു കശ്മീരിൽ സ്ഫോടനം: രണ്ട് സൈനികർക്ക് വീരമൃത്യു, മൂന്നു സൈനികർക്ക് പരുക്കേറ്റു
വീണ പറയുന്നത് ഇങ്ങനെ.. ‘പോലീസ് സ്റ്റേഷനില്‍ എത്തിയ ഉടനെ ഞങ്ങളെ ആശുപത്രിയില്‍ കൊണ്ടുപോകണം എന്ന് പോലീസിനോട് അഭ്യര്‍ത്ഥിച്ചു. മുറിവ് സെപ്റ്റിക്ക് ആകാന്‍ സാധ്യതയുണ്ട് എന്നെ ആശുപത്രിയില്‍ കൊണ്ടുപോകണം എന്ന് കൂടെയുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ വീണ്ടും വീണ്ടും അഭ്യര്‍ത്ഥിച്ചു കൊണ്ടിരുന്നു. എന്നാല്‍ രാഷ്ട്രീയ തിമിരം ബാധിച്ച ഇവര്‍ക്ക് എന്ത് മുനുഷ്യത്വം. അതിനിടെ അഖിലയ്ക്കും എനിക്കും തലകറക്കം ഉണ്ടായി. ഒരു ഗ്ലാസ് വെള്ളം പോലും തരാന്‍ അവര്‍ കൂട്ടാക്കിയില്ല. നിയമ പഠനത്തിന്റെ ഭാഗമായി പഠിച്ച മനുഷ്യാവകാശ നിയമങ്ങളും,ഭരണഘടനാ വ്യവസ്ഥകളും, സിആര്‍പിസി, ഡികെ ബസു കേസുമെല്ലാം വെറും പുസ്തക താളുകളില്‍ ഒതുങ്ങുന്നതാണ് എന്ന തിരിച്ചറിവാണ് ഈ ദിവസങ്ങളില്‍ ഉണ്ടായത്.
ഞങ്ങളെ കാണാന്‍ വന്ന ടി സിദ്ദിഖ് എംഎല്‍എ കെഎസ് യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് ഉള്‍പ്പെടെയുള്ള അനുജന്മാര്‍ എല്ലാം ഞങ്ങളെ ആശുപത്രിയില്‍ കൊണ്ടുപോകണം എന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചു. തുടര്‍ന്ന് ഞങ്ങളെ രണ്ട് പേരെയും ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി. മുറിവ് സെപ്റ്റിക്ക് ആകാന്‍ സാധ്യതയുള്ളതിനാല്‍ ടിടി ഇന്‍ജെക്ഷന്‍ നല്‍കി. ആശുപത്രിയില്‍ ആണെന്ന് അറിഞ്ഞു എന്നെ കാണാന്‍ വന്ന ഭര്‍ത്താവിനോട് പോലീസ് അപമാര്യദയായി പെരുമാറി. മുറിവേറ്റ എന്നോട് സംസാരിച്ച ഭര്‍ത്താവിനോട് പുറത്തു തട്ടി മാറി നില്‍ക്കാന്‍ പറഞ്ഞു. എന്റെ ഭാര്യയാണ് എനിക്കൊന്നു സംസാരിക്കണം എന്ന് പറഞ്ഞപ്പോള്‍ ‘പോലീസ് കസ്റ്റടിയിലുള്ള പ്രതിയാണ് അങ്ങിനെ സംസാരിക്കാനൊന്നും സാധിക്കില്ല എന്ന് പോലീസുകാരന്‍ ഗൗരവ സ്വരത്തില്‍ പറഞ്ഞു’. അതുകൊണ്ട് ആരായാലും മാറി നില്‍ക്കണം എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം മാറി നിന്നു. തുടര്‍ന്ന് എന്നെ ഡ്രസ്സ് ചെയ്യാന്‍ കൊണ്ടുപോയി.
അപ്പോള്‍ കയറിവന്ന കാന്റോന്‍മെന്റ് സിഐ ഉറച്ച സ്വരത്തില്‍ അതിലധികം പുച്ഛത്തോടെ എന്റെ ഭര്‍ത്താവിന്റെ മുന്‍പില്‍ വച്ച് അടുത്ത് നിന്ന കീഴുദ്യോഗസ്ഥനോട് ചോദിച്ചു ‘ ഇപ്പോള്‍ കൊണ്ടുവന്ന ‘ഐറ്റങ്ങള്‍’ എവിടെപ്പോയി?’. അപ്പോള്‍ ആ പോലീസുകാരന്‍ പറഞ്ഞു ‘ ഒരാളെ ഡ്രസ്സ് ചെയ്യാന്‍ കൊണ്ടുപോയി, മറ്റയാള്‍ അവിടെ ഡ്രിപ് ഇട്ടു കിടപ്പുണ്ട് ‘. ഇത് എന്നോട് ഭര്‍ത്താവ് പറയുന്നതിനിടക്ക് എന്നെ വനിതാ പോലീസുകാര്‍ പിടിച്ചു കൊണ്ടുപോയി.
അങ്ങിനെ പോലീസിന്റെ ‘ ഐറ്റങ്ങള്‍’ നാല് ദിവസം ജയിലില്‍ കിടന്നു. ഇന്ന് പുറത്തു വന്നു. വനിതാ മുന്നേറ്റവും സ്ത്രീ ശാക്തീകരണവും നാഴികക്ക് നാല്പതു വട്ടം പറയുന്ന ഈ സര്‍ക്കാരിന്റെ കീഴിലുള്ള അഭ്യന്തര വകുപ്പ് എന്ത് സ്ത്രീ സുരക്ഷാ സന്ദേശമാണ് നല്‍കുന്നത് . ഐറ്റം വിളി നടത്തിയ പോലീസുകാരന്റെ മകളും അമ്മയും ഭാര്യയും അയാളെ തിരുത്തട്ടെ. എനിക്ക് ഏറ്റവും രസമായി തോന്നിയ കാര്യം ‘നിയമസഭയ്ക്ക് അകത്ത് എല്ലാം തല്ലിപൊളിച്ചവര്‍ ഒരു ദിവസം പോലും അഴിക്കുള്ളില്‍ കിടന്നില്ല. എന്നാല്‍ പുറത്ത് പ്രകടനം നടത്തിയ ഏഴ് വനിതകള്‍(രണ്ട് മുലയൂട്ടൂന്ന അമ്മമാര്‍ )നാല് ദിവസം അഴിക്കുള്ളില്‍.’ സ്ത്രി സുരക്ഷയും സ്ത്രീ ശാക്തീകരണവും നീണാള്‍ വാഴട്ടെ.’ വീണ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
Post Your Comments