തിരുവനന്തപുരം :കോര്‍പ്പറേഷനിലെ നികുതിവെട്ടിപ്പ് സ്ഥിരീകരിച്ച് പൊലീസ്. നേമം സോണില്‍ മാത്രം ഇരുപത്തിയഞ്ച് ദിവസത്തെ പണം തട്ടിയെടുത്തെന്ന് ബാങ്ക് രേഖകള്‍ പരിശോധിച്ചുള്ള അന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍ ജാമ്യമില്ലാക്കുറ്റം തെളിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നടപടികളില്ല. പ്രതിയായ കാഷ്യര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കിയതും ഒളിവിലാണെന്നതുമാണ് തടസമായി പറയുന്നത്.
അതേസമയം ശ്രീകാര്യം സോണല്‍ ഓഫീസിലെ തട്ടിപ്പ് അന്വേഷിക്കുന്ന ശ്രീകാര്യം പൊലീസ് ഇതുവരെ കാര്യമായ അന്വേഷണം പോലും തുടങ്ങിയിട്ടില്ല. ഇടത് അനുകൂല സംഘടനയിലെ അംഗങ്ങളാണ് പ്രതികളെന്നിരിക്കെയാണ് പൊലീസിന്റെ മെല്ലെപ്പോക്ക്. തട്ടിപ്പില്‍ കൂടുതല്‍ പേരുടെ പങ്കുണ്ടോയെന്നതിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടില്ല. മൂന്ന് സോണല്‍ ഓഫീസുകളിലായി നടന്ന നികുതിവെട്ടിപ്പില്‍ നേമം, ശ്രീകാര്യം എന്നീ സ്റ്റേഷനുകളിലാണ് അന്വേഷണം നടക്കുന്നത്.
ഇതില്‍ നേമം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നേമം സോണല്‍ ഓഫീസില്‍ മാത്രം 26, 74,333 രൂപയുടെ തട്ടിപ്പ് നടന്നതായി സ്ഥിരീകരിച്ചത്. നികുതിയായും അല്ലാതെയും സോണല്‍ ഓഫീസുകളില്‍ ലഭിക്കുന്ന തുക തൊട്ടടുത്ത ദിവസം കോര്പ്പറേഷന് സെക്രട്ടറിയുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണം. ഇങ്ങിനെ കൊണ്ടുപോയ തുക ബാങ്കില്‍ ഇടാതെ ഉദ്യോഗസ്ഥര്‍ തട്ടിയെടുത്തെന്നാണ് കണ്ടെത്തല്‍.
2020 ജനുവരി 24 മുതല്‍ 2021 ജൂലൈ 14 വരെയുള്ള ഒന്നര വര്‍ഷത്തെ ഇടപാടുകളാണ് പൊലീസ് പരിശോധിച്ചത്. ഇതില്‍ 25 ദിവസങ്ങളില്‍ ബാങ്കില്‍ പണം അടച്ചിട്ടില്ല. പകരം ബാങ്കിന്റെ സീലില്ലാത്ത കൗണ്ടര്‍ഫോയിലാണ് പണം അടച്ചെന്ന പേരില്‍ ഓഫീസില്‍ തിരികെയെത്തിച്ച് സൂക്ഷിച്ചിരിക്കുന്നത്. പണത്തില്‍ നേരിട്ട് ഉത്തരവാദിത്വമുള്ള കാഷ്യറുടെ പങ്ക് തട്ടിപ്പില്‍ വ്യക്തമാണ്.
ഈ ദിവസങ്ങളില്‍ പണവുമായി ബാങ്കില്‍ പോയവര്‍ക്കും പങ്കുണ്ടാവും. സീലില്ലാത്ത രസീത് പണം അടച്ചതിന് തെളിവായി സൂക്ഷിച്ചതും ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയുമാവും. അങ്ങിനെ ജാമ്യമില്ലാ കേസില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ പ്രതികളാകുമെന്ന് ഉറപ്പുണ്ടായിട്ടും ആരെയും അറസ്റ്റ് ചെയ്യാനുള്ള നടപടിയിലേക്ക് പൊലീസ് കടന്നിട്ടില്ല.
Post Your Comments