കോട്ടയം: നിതിന മോളെ കൊല്ലാൻ ഒരാഴ്ചമുമ്പ് പുതിയ ബ്ലേഡ് വാങ്ങി സൂക്ഷിച്ചുവെന്ന് പ്രതി അഭിഷേക് ബൈജു പൊലീസിനോട് പറഞ്ഞു. പ്രണയം തുടരാൻ അഭ്യർഥിക്കാനും അതിനു വഴങ്ങിയില്ലെങ്കിൽ സ്വന്തം കൈത്തണ്ട മുറിച്ചു ഭീഷണിപ്പെടുത്താനുമാണ് തീരുമാനിച്ചിരുന്നതെന്നാണ് പ്രതി അഭിഷേക് പൊലീസിന്റെ ചോദ്യം ചെയ്യൽ വേളയിൽ പറഞ്ഞത്.
Also Read: ഗുലാബിൽ നിന്ന് ഷഹീനിലേക്ക്: ഒരു ചുഴലിയിൽ നിന്ന് മറ്റൊന്ന് അത്യപൂർവം, ജാഗ്രതയോടെ കേരളം
കൈത്തണ്ട മുറിക്കുമ്പോൾ സഹതാപം പിടിച്ചു പറ്റാമെന്നു കരുതി. ക്യാംപസിൽവെച്ച് സംസാരിക്കാൻ ശ്രമിച്ചെങ്കിലും നിതിന ഒന്നും മിണ്ടിയില്ല. ഇതോടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നെന്നും അഭിഷേക് പറഞ്ഞതായി ഡിവൈഎസ്പി ഷാജു ജോസ് പറഞ്ഞു. വീട്ടുകാർക്ക് ഈ ബന്ധത്തോടു താൽപര്യമില്ലായിരുന്നു. പക്ഷേ പിന്മാറിയില്ല. ഒരു വർഷം മുൻപ് നിതിനമോൾ തന്റെ വീട്ടിൽ എത്തിയിരുന്നതായും മൊഴിയിലുണ്ട്.
അതേസമയം പ്രതി ഒരാഴ്ച മുൻപ് കൂത്താട്ടുകുളത്തെ കടയിൽ നിന്നാണ് ബ്ലേഡ് വാങ്ങിയത്. പേപ്പർ കട്ടറിൽ ഉണ്ടായിരുന്ന പഴയ ബ്ലേഡ് മാറ്റി പുതിയത് ഇടുകയായിരുന്നുയെന്നും പൊലീസിനോട് പ്രതി പറഞ്ഞു. കേസിൽ അഭിഷേക് ബൈജു നടത്തിയ ഗുരുതരമായ ആസൂത്രണമാണ് ഇതോടെ വ്യക്തമായത് എന്ന് പൊലീസ് കരുതുന്നു.
കൃത്യമായ ആസൂത്രണം ഇല്ലാതെ ഇങ്ങനെ ഒരു കൊലപാതകം നടത്താനാകില്ല എന്നും പൊലീസ് വിലയിരുത്തുന്നു.
മൂർച്ചയേറിയ ബ്ലേഡ് വാങ്ങാൻ കാരണം ഇതാണ് എന്നും അന്വേഷണ സംഘം പറയുന്നു. ഏതായാലും അഭിഷേക് ബൈജു ബ്ലേഡ് വാങ്ങിയ കൂത്താട്ടുകുളത്തെ ഈ കടയിൽ അടക്കം പൊലീസ് തെളിവെടുപ്പ് നടത്തും. പ്രതിയെ ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയ ശേഷമായിരിക്കും കൂത്താട്ടുകുളത്ത് തെളിവെടുപ്പിന് എത്തിക്കുക. പ്രതിയുടെ മൊബൈൽ ഫോൺ പരിശോധനയ്ക്ക് എടുത്ത് കൂടുതൽ തെളിവുകൾ ശേഖരിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
Post Your Comments