KeralaLatest NewsNews

നവീൻ ബാബുവിന്റെ മരണം : സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ സുപ്രീംകോടതിയിൽ

നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് മഞ്ജുഷ സുപ്രീംകോടതിയെ അറിയിച്ചു

കൊച്ചി : മുൻ എ.ഡി.എം കെ. നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ സുപ്രീംകോടതിയിൽ. നേരത്തെ ഹൈകോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയതോടെയാണ് സുപ്രീം കോടതിയിലെത്തിയിരിക്കുന്നത്. നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് സുപ്രീംകോടതിയെ അറിയിച്ചു.

രണ്ടാഴ്ച മുമ്പ് അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിൽ ഏക പ്രതിയായി കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്‍റും സി.പി.എം മുൻ ജില്ല കമ്മിറ്റിയംഗവുമായ പി.പി. ദിവ്യ മാത്രമാണുള്ളത്. ഒക്ടോബർ 15നാണ് നവീൻ ബാബുവിനെ പള്ളിക്കുന്നിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. എ.ഡി.എമ്മിനുള്ള യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെ എത്തിയ പി.പി. ദിവ്യ നടത്തിയ അധിക്ഷേപ പ്രസംഗത്തിൽ മനംനൊന്താണ് നവീൻബാബു ജീവനൊടുക്കിയതെന്നും അധികാരവും പദവിയും അവർ ദുരുപയോഗം ചെയ്തെന്നും കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

എ.ഡി.എമ്മിനെ അപമാനിക്കുക ലക്ഷ്യമിട്ടാണ് ദിവ്യ യാത്രയയപ്പ് യോഗത്തിന് എത്തിയത്. പ്രസംഗത്തിന്റെ വിഡിയോ ചിത്രീകരിക്കുന്നതിന് പ്രാദേശിക ചാനലിന്റെ വിഡിയോഗ്രാഫറെ ചുമതലപ്പെടുത്തി. സ്വന്തം ഫോണിലൂടെ ആ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു. പ്രസംഗത്തിനിടെ ‘രണ്ടുദിവസത്തിനകം അറിയാമെന്ന’ പരാമർശം ഭീഷണിയാണ്. ജില്ല പഞ്ചായത്ത് പ്രസിഡന്റും കണ്ണൂരിലെ സി.പി.എമ്മിന്റെ പ്രധാനികളിൽ ഒരാളുംകൂടിയായ ദിവ്യയുടെ പരാമർശം ഉണ്ടാക്കുന്ന പ്രത്യാഘാതത്തെ എ.ഡി.എം ഭയപ്പെട്ടു. തുടർന്നാണ് പിറ്റേന്ന് പുലർച്ചയോടെ നവീൻ താമസസ്ഥലത്ത് ജീവനൊടുക്കിയതെന്നും കുറ്റപത്രത്തിൽ പറഞ്ഞിരുന്നു.

ആത്മഹത്യാകുറിപ്പ് കണ്ടെടുത്തിട്ടില്ല, മരണത്തിന് മറ്റ് കാരണങ്ങളില്ല, പെട്രോൾ പമ്പുടമ ടി.വി. പ്രശാന്തുമായി ദിവ്യ ഗൂഢാലോചന നടത്തിയതിന് തെളിവില്ല, മരണത്തിന് കാരണമായി ദിവ്യ അല്ലാതെ മറ്റൊരാളുമില്ല തുടങ്ങിയ കാര്യങ്ങളും നാനൂറിലധികം പേജുള്ള കുറ്റപത്രത്തിലുണ്ട്. എന്നാൽ, സി.ബി.ഐ അന്വേഷണം നടത്തണമെന്നും മരണത്തിലേക്ക് നയിച്ച ഗൂഢാലോചന അന്വേഷിക്കണമെന്നുമാണ് കുടുംബത്തിന്‍റെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button