India

ദളിത് യുവാവ് ഉയർന്ന ജാതിയിലെ പെൺകുട്ടിയെ വിവാഹം കഴിച്ചതിലെ പക: പ്രണയ് കുമാറിനെ വെട്ടിക്കൊന്നവാടകക്കൊലയാളിക്ക് വധശിക്ഷ

ഹൈദരാബാദ്: ഉയർന്ന ജാതിയിൽപെട്ട പെൺകുട്ടിയെ വിവാഹം കഴിച്ച ദളിത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. 2018ൽ തെലങ്കാനയിലെ മിരിയാൽഗുഡയിൽ നടന്ന സംഭവത്തിലാണ് നൽഗൊണ്ട കോടതി ശി​ക്ഷ വിധിച്ചത്. പെരുമല്ല പ്രണയ് കുമാറിനെ (23) വെട്ടിക്കൊലപ്പെടുത്തി എന്നതാണ് കേസ്. വാടകക്കൊലയാളി സുഭാഷ് കുമാർ ശർമയ്ക്ക് വധശിക്ഷയും മറ്റ് ആറു പ്രതികൾക്ക് ജീവപര്യന്തം തടവുമാണ് ശിക്ഷ.

പെരുമല്ല പ്രണയ് കുമാർ എന്ന ഇരുപത്തിമൂന്നുകാരനെയാണ് വാടകക്കൊലയാളി സുഭാഷ് കുമാർ വെട്ടിക്കൊലപ്പെടുത്തിയത്. സമ്പന്ന കുടുംബാംഗമായ അമൃതവർഷിണിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിലായിരുന്നു കൊലപാതകം. അമൃത വർഷിണിയുടെ പിതാവ് മാരുതി റാവു ആണ് വാടകക്കൊലയാളിയെ ഏ‍ർപ്പാടു ചെയ്തത്. ഒരു കോടി രൂപയായിരുന്നു യുവാവിനെ കൊലപ്പെടുത്താൻ വാടകക്കൊലയാളി സുഭാഷ് കുമാറിന് അമൃത വർഷിണിയുടെ പിതാവ് നൽകിയ പ്രതിഫലം.

2018 സെപ്റ്റംബർ 14നാണ് പ്രണയ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഗർഭിണിയായ അമൃതവർഷിണിക്കൊപ്പം ആശുപത്രിയിലേക്ക് പോകുന്നവഴിയിൽവെച്ചാണ് യുവാവ് ആക്രമിക്കപ്പെട്ടത്. ആറു മാസം മുൻപ് മാത്രമായിരുന്നു വിവാഹം. 2019 ജനുവരിയിൽ അമൃതവർഷിണി ഒരു കുഞ്ഞിന് ജന്മം നൽകി. കേസിൽ അറസ്റ്റിലായ മാരുതി റാവു 2020ൽ കുറ്റത്തിൽ പശ്ചാത്തപിച്ച് കത്തെഴുതി വച്ച ശേഷം ജയിലിൽ ആത്മഹത്യ ചെയ്തു.

മുഹമ്മദ് അസ്ഗർ അലി, മുഹമ്മദ് അബ്ദുൽ ബാരി, അബ്ദുൽ കരിം, മാരുതി റാവുവിന്റെ സഹോദരൻ ശ്രാവൺ കുമാർ, ഡ്രൈവർ എസ്. ശിവ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ. 2003ൽ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന ഹരൺ പാണ്ഡ്യയെ വധിച്ച കേസിൽ വിട്ടയയ്ക്കപ്പെട്ട പ്രതികളാണ് മുഹമ്മദ് അസ്ഗർ അലി, മുഹമ്മദ് അബ്ദുൽ ബാരി എന്നിവർ.

shortlink

Post Your Comments


Back to top button