ഷഹബാസിനെ കൊല്ലും, കൂട്ടത്തല്ലിൽ മരിച്ചാൽ കേസ് എടുക്കില്ല; ഞെട്ടിക്കുന്ന ശബ്ദ സന്ദേശവും ചാറ്റുകളും പുറത്ത്

നാടിനെ നടുക്കിയ മരണമാണ് താമരശേരിയിൽ ഉണ്ടായത്. പത്താം ക്ലാസ് വിദ്യാർത്ഥികളുടെ തമ്മിൽ തല്ല് കലാശിച്ചത് അടുത്ത ആഴ്ച എസ്. എസ്. എൽ. സി പരീക്ഷ എഴുതാനിരുന്ന മുഹമ്മദ് ഷഹബാസ് എന്ന് പതിനാറുകാരൻ്റെ മരണത്തിലാണ്. രണ്ട് വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ തമ്മിൽ ഉണ്ടായ പോർവിളിയും സംഘർഷവുമാണ് ഒരു ജീവൻ നഷ്ടപ്പെടുന്നതിലേക്ക് നയിച്ചത്.

ഇൻസ്റ്റാഗ്രാമിൽ ഗ്രൂപ്പുകൾ ഉണ്ടാക്കിയാണ് വിദ്യാർത്ഥികൾ സംഘർഷം ആസൂത്രണം ചെയ്തത്. ഷഹബാസിനെ മർദ്ദിച്ച വിദ്യാർത്ഥികളുടെ സാമൂഹിക മാധ്യമ സന്ദേശങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ആക്രണമത്തിന് ശേഷം നടന്ന ഞെട്ടിപ്പിക്കുന്ന ചാറ്റുകളാണ് ആണ് പുറത്ത് വന്നത്.

ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാൽ കൊന്നിരിക്കുമെന്നും അവന്‍റെ കണ്ണ് ഇപ്പോള്‍ ഇല്ലെന്നും സംഘർഷത്തിന് ശേഷം അക്രമിച്ച ഒരു വിദ്യാർത്ഥികള്‍ ചാറ്റില്‍ പറയുന്നു. കൂട്ടത്തല്ലിൽ മരിച്ചാല്‍ പോലീസ് കേസെടുക്കില്ലെന്ന് പറയുന്ന മറ്റൊരു വിദ്യാർത്ഥിയുടെ ശബ്ദവും ഇക്കൂട്ടത്തിലുണ്ട്.

ഷഹബാസിനെ കൊല്ലണം എന്ന് പറഞ്ഞാൽ കൊല്ലും… അവന്‍റെ കണ്ണൊന്ന് പോയി നോക്ക്, കണ്ണ് ഇല്ല. രണ്ട് ദിവസം കഴിഞ്ഞ് കാണണം…’ തുടങ്ങി അക്രമത്തിന് ശേഷവും കലിയടങ്ങാത്ത വിദ്യാർത്ഥികളുടെ സന്ദേശം ആണ് പുറത്ത് വന്നത്. ‘കൂട്ടത്തല്ലിൽ മരിച്ചാൽ പ്രശ്നം ഇല്ല , പോലീസ് കേസ് എടുക്കില്ല…’ തുടങ്ങിയ കാര്യങ്ങളും വിദ്യാർഥികൾ സംസാരിക്കുന്നുണ്ട്.

ഇന്‍സ്റ്റഗ്രാം ഗ്രൂപ്പില്‍ വിദ്യാര്‍ത്ഥികള്‍ അയച്ച ഓഡിയോ സന്ദേശമണ് പുറത്ത് വന്നത്. എളേറ്റില്‍ വട്ടോളി ഹയര്‍ സെക്കന്‍ററി സ്കൂള്‍ കുട്ടികളുടെ ഗ്രൂപ്പിലാണ് സന്ദേശമെത്തിയത്. തിരിച്ചടിക്കാനായി എല്ലാവരും ട്യൂഷന്‍ സെന്‍ററിന് സമീപം എത്താനായിരുന്നു ആഹ്വാനം.

ഇതിനു പുറമേ ഷഹബാസിൻ്റെ ഫോണിലേക്ക് ആക്രമിച്ച കുട്ടിയുടെ ക്ഷമാപണ സന്ദേശവും വന്നതായി മാതാവ് കെ.പി റസീന പറഞ്ഞു.

സംഭവത്തിൽ കുറ്റാരോപിതരായ 5 വിദ്യാർത്ഥികൾക്ക് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ഇവരെ ഇന്ന് രാവിലെ 11 മണിയ്ക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കാൻ നിർദേശിച്ചിട്ടുണ്ട്.

നഞ്ചക്കുപോലുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു മർദനമെന്നാണ് വിദ്യാർഥികൾ പോലീസിനെ അറിയിച്ചത്. അതേസമയം, താമരശ്ശേരിയിലെ വിദ്യാർഥികൾകൂടാതെ പുറമേനിന്നുള്ള കണ്ടാലറിയാവുന്ന ചിലരും സംഘടിച്ചെത്തിയാണ് അക്രമം നടത്തിയതെന്നാണ് മുഹമ്മദ് ഷഹബാസിൻ്റെ ബന്ധുക്കൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

Share
Leave a Comment