തിരുവനന്തപുരം: ബോഡി ബിൽഡിംഗ് താരങ്ങളുടെ പൊലീസ് സേനയിലെ നിയമന നീക്കം പാളി. കായിക ക്ഷമത പരീക്ഷയിൽ ബോഡി ബിൽഡറായ ഷിനു ചൊവ്വ പരാജയപ്പെടുകയും മറ്റൊരു മത്സരാർത്ഥിയായ ചിത്തരേഷ് നടേശൻ പരീക്ഷയിൽ പങ്കെടുക്കാതെ വന്നതോടെയുമാണ് നീക്കം പാളിയത്.
ഷിനു ചൊവ്വക്കും ചിത്തരേഷ് നടേശനും ജോലി നൽകാൻ തീരുമാനിച്ചത് വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. ഇതോടനുബന്ധിച്ച് എം ആർ അജിത് കുമാറിനെ പൊലീസിന്റെ സെൻട്രൽ സ്പോർട്സ് ഓഫീസർ ചുമതലയിൽ നിന്ന് മാറ്റിയിരുന്നു. പകരം എസ് ശ്രീജിത്തിന് ചുമതല നൽകി. സെൻട്രൽ സ്പോർട്സ് ഓഫീസറാണ് സ്പോർട്സ് ക്വാട്ടയിലെ നിയമനങ്ങളുടെ ഫയൽ നീക്കം നടത്തേണ്ടത്.
നേരത്തെ രണ്ട് ബോഡി ബിൽഡർ താരങ്ങളെ പൊലീസ് ഇൻസ്പെക്ടർ റാങ്കിൽ നിയമിക്കാൻ തീരുമാനമുണ്ടായിരുന്നു. ഇതിൽ ആഭ്യന്തര വകുപ്പ് ഡിജിപിക്ക് കത്ത് അയക്കുകയും ചെയ്തു. കത്തിൽ മാനദണ്ഡങ്ങളിൽ ഇളവു വരുത്തികൊണ്ട് നിയമനം നടത്തണമെന്ന നിർദേശം നൽകുകയും ചെയ്തിരുന്നു.
എന്നാൽ സർക്കാർ തീരുമാനിച്ച പല കായിക താരങ്ങളെയും ഒഴിവാക്കികൊണ്ടാണ് ബോഡി ബിൽഡിങ് താരങ്ങളെ നിയമിക്കുന്നത് എന്ന രീതിയിലുളള വാർത്തകൾ വന്നത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ എം ആർ അജിത് കുമാറിനെ മാറ്റുകയായിരുന്നു.
Leave a Comment