നിക്ഷേപക സംഗമം മൂന്ന് വർഷത്തിലൊരിക്കൽ നടത്തും : മന്ത്രി പി രാജീവ്

കേരളത്തിന്റെ വ്യവസായ മേഖലയിലെ മികവാർന്ന പ്രതിച്ഛായ ലോകത്തിനു മുന്നിൽ ഉയർത്തിക്കാട്ടാൻ ഇൻവെസ്റ്റ്‌ കേരള ഉച്ചകോടിയ്ക്ക് കഴിഞ്ഞു

കൊച്ചി: രണ്ടു ദിവസമായി കൊച്ചി ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന നിക്ഷേപക സംഗമത്തിന് സമാപനം. സംഗമം വലിയ വിജയമാണെന്നും മൂന്ന് വർഷത്തിലൊരിക്കൽ ഉച്ചകോടി നടത്തുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

കേരളത്തിന്റെ വ്യവസായ മേഖലയിലെ മികവാർന്ന പ്രതിച്ഛായ ലോകത്തിനു മുന്നിൽ ഉയർത്തിക്കാട്ടാൻ ഇൻവെസ്റ്റ്‌ കേരള ഉച്ചകോടിയ്ക്ക് കഴിഞ്ഞു. ഇനി മൂന്ന് വർഷത്തിൽ ഒരിക്കൽ ഉച്ചകോടി നടത്താനാണ് സർക്കാർ തീരുമാനം. ആഗോള നിക്ഷേപകരുടെ അഭ്യർത്ഥന മാനിച്ച് ഉച്ചകോടി വർഷത്തിൽ നടത്താൻ കഴിയുമോയെന്നത് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിക്ഷേപക ഉച്ചകോടിയെ പറ്റി പലരുടെയും മനോഭാവം മാറി. ആളുകൾ അനുകൂല സമീപനം സ്വീകരിക്കാൻ തുടങ്ങി. മാധ്യമങ്ങളും പിന്തുണ നൽകി. ഒന്നര ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപമാണ് ഈ ഉച്ചകോടിയിലൂടെ കേരളത്തിന്‌ ലഭിച്ചത്. ചിലർ നിക്ഷേപത്തേയും വികസനത്തേയും ലളിതവത്ക്കരിക്കുന്നു.

സാധനങ്ങൾ വാങ്ങുന്നത് പോലെയല്ല നിക്ഷേപവും വികസനവും. വർക്ക് ഫ്രം ഹോം എന്ന മാതൃകയിൽ വർക്ക് ഫ്രം കേരള എന്ന പുതിയ സങ്കൽപ്പം ഉണ്ടായിയെന്നും മന്ത്രി പറഞ്ഞു.

Share
Leave a Comment