
ലക്‌നൗ: മഹാകുംഭമേള നടക്കുന്ന ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലെ വിവിധ സ്ഥലങ്ങളിലായുള്ള നദീജലത്തില്‍ ഉയര്‍ന്ന അളവില്‍ ഫീക്കല്‍ കോളിഫോം ഉള്ളതായി റിപ്പോര്‍ട്ട്. മഹാകുംഭമേള നടക്കുന്നതിനിടെ ഗംഗാനദിയില്‍ വളരെ ഉയര്‍ന്ന അളവില്‍ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. മനുഷ്യവിസര്‍ജ്യത്തിലുള്ള കോളിഫോം ബാക്ടീരിയയെയാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് കണ്ടെത്തിയത്.
ദി ഹിന്ദു ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയുന്നത്. ഗംഗാനദിയിലെ പലയിടങ്ങളിലും കോളിഫോം ബാക്ടീരിയയുടെ അളവ് അനുവദിനീയമായതിലും ഉയര്‍ന്നതാണെന്നാണ് യു.പി. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 100 മില്ലി ലിറ്റര്‍ ജലത്തില്‍ 2500 യൂണിറ്റുകള്‍ മാത്രമാണ് കോളിഫോം ബാക്ടീരിയയുടെ അനുവദിനീയമായ പരമാവധി അളവ്.
പരിശോധന നടത്തിയ നദിയിലെ എല്ലായിടത്തും ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കുംഭമേളയോടനുബന്ധിച്ച് ലക്ഷക്കണക്കിന് പേരാണ് ഗംഗാനദിയില്‍ പുണ്യസ്നാനം നടത്തിയത്. ഗംഗയില്‍ ഉയര്‍ന്ന അളവില്‍ കോളിഫോം ബാക്ടീരിയ കണ്ടെത്തിയ കാര്യം മലിനീകരണ നിയന്ത്രണ ബോര്‍ഡ് ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചു.
Post Your Comments