KeralaLatest NewsNews

ആകർഷകമായ വാഗ്ദാനം നൽകി വിദ്യാർത്ഥിയെ കബളിപ്പിച്ചു : ബൈജുസ് ആപ്പ് അര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

എതിർകക്ഷി നൽകിയ വാഗ്ദാനങ്ങളിൽ വിശ്വസിച്ചാണ് പതിനാറായിരം രൂപ നൽകി മകനു വേണ്ടി ലേണിങ് ആപ്പിൽ ചേർന്നത്

കൊച്ചി : തൃപ്തികരം അല്ലെങ്കിൽ പണം തിരികെ നൽകും എന്ന് ആകർഷകമായ വാഗ്ദാനം നൽകി വിദ്യാത്ഥിയെ കമ്പളിപ്പിച്ച ബൈജുസ് ലേണിംഗ് ആപ്പ് 51,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. എറണാകുളം സ്വദേശിയും എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ പിതാവുമായ സ്റ്റാലിൻ എൻ ഗോമസ്, ബൈജൂസ് ലേണിംഗ് ആപ്പിനെതിരെ സമർപ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.

എതിർകക്ഷി നൽകിയ വാഗ്ദാനങ്ങളിൽ വിശ്വസിച്ചാണ് പതിനാറായിരം രൂപ നൽകി മകനു വേണ്ടി ലേണിങ് ആപ്പിൽ ചേർന്നത്. മൂന്ന് ട്രയൽ ക്ലാസുകളിൽ വിദ്യാർഥി തൃപ്തനായില്ലെങ്കിൽ മുഴുവൻ തുകയും തിരിച്ചു നൽകും എന്നായിരുന്നു എതിർകക്ഷിയുടെ വാഗ്ദാനം. പരാതിക്കാരന് ചുരുങ്ങിയ സമയം നൽകി ബൈജുസ് ട്രെയൽ ക്ലാസ് തീരുമാനിച്ചതിനാൽ വിദ്യാർത്ഥികൾക്ക് അതിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല.

സേവനം തൃപ്തികരമല്ലെങ്കിൽ പണം തിരിച്ചു നൽകാൻ തയ്യാറാണെന്ന് എതിർകക്ഷി പരാതിക്കാരന് ഉറപ്പു നൽകിയിരുന്നു. ഈ ഉറപ്പ് പാലിക്കണം എന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ പല പ്രാവശ്യം നേരിട്ടും ഫോൺ മുഖാന്തരവും എതിർകക്ഷിയെ സമീപിച്ചുവെങ്കിലും നടപടികൾ ഒന്നും ഉണ്ടായില്ല. തുടർന്നാണ് നഷ്ടപരിഹാരവും കോടതി ചെലവും ഫീസായി അടച്ച 16,000 രൂപയും തിരിച്ചു നൽകണമെന്നാവശ്യപ്പെട്ട് ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്.

വാഗ്ദാനം ചെയ്ത പോലെ വിദ്യാർഥിയിൽ നിന്നും വാങ്ങിയ തുക തിരിച്ചു നൽകാതിരിക്കുന്നത് സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് അഭിപ്രായപ്പെട്ട ഡി.ബി ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ടി. എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച്, ഫീസായി നൽകിയ 16,000 രൂപയും 25,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവ് 45 ദിവസത്തിനകം പരാതിക്കാർക്ക് നൽകണമെന്ന് എതിർകക്ഷിക്ക് ഉത്തരവ് നൽകി. പരാതിക്കാരന് വേണ്ടി അഡ്വ. മിഷേൽ എം ദാസൻ കോടതിയിൽ ഹാജരായി.

shortlink

Post Your Comments


Back to top button