
ന്യൂഡല്‍ഹി: അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയ 119 ഇന്ത്യക്കാരെക്കൂടി ഈ വാരാന്ത്യത്തില്‍ തിരിച്ചെത്തിക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ട് വിമാനങ്ങളിലായി അമൃത്‌സര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിനിടെയാണ് ഇക്കാര്യം പുറത്തുവന്നത്. ഫെബ്രുവരി 15 ശനിയാഴ്ച ഒരു വിമാനവും ഞായറാഴ്ച 16 ന് മറ്റൊരു വിമാനവും അമൃത്സറിലെ ഗുരു റാം ദാസ് ഇന്റന്‍ഷണല്‍ വിമാനത്താവളത്തില്‍ എത്തും. നാടുകടത്തപ്പെട്ടവരില്‍ 67 പേര്‍ പഞ്ചാബില്‍ നിന്നുള്ളവരും, 33 പേര്‍ ഹരിയാനയില്‍ നിന്നുള്ളവരും, എട്ട് പേര്‍ ഗുജറാത്തില്‍ നിന്നുള്ളവരും, മൂന്ന് പേര്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരും, രണ്ട് പേര്‍ രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ളവരുമാണ്. ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നും ഓരോ പേരും എത്തുന്നു.
മെക്‌സിക്കോ അതിര്‍ത്തിയിലൂടെയും മറ്റ് വഴികളിലൂടെയും അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയ ഇവര്‍ പിന്നീട് പാസ്പോര്‍ട്ടുകള്‍ നശിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരമേറ്റതിനുശേഷം യുഎസില്‍ നിന്ന് നാടുകടത്തപ്പെടുന്ന രണ്ടാമത്തെ ഇന്ത്യന്‍ സംഘമാണ് എത്തുന്നത്. ഫെബ്രുവരി 5 ന് അമൃത്സറില്‍ എത്തിയ ആദ്യ സംഘത്തില്‍ 104 ഇന്ത്യക്കാരുണ്ടായിരുന്നു. കൈകള്‍ ബന്ധിച്ച് കാലുകള്‍ ചങ്ങലയിട്ട് ബന്ധിക്കപ്പെട്ട നിലയിലായിരുന്നു എത്തിയതെന്ന് ഇവര്‍ പറഞ്ഞിരുന്നു.
യുഎസ് സന്ദര്‍ശനത്തിനിടെ മനുഷ്യക്കടത്തിനെതിരെ പോരാടേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു. നിയമവിരുദ്ധമായി യുഎസില്‍ കഴിഞ്ഞ എല്ലാ ഇന്ത്യക്കാരെയും തിരിച്ചെടുക്കാന്‍ ഇന്ത്യ പൂര്‍ണ്ണമായും തയ്യാറാണെന്നും മോദി പറഞ്ഞു. യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (യുഎസ്സിബിപി) കണക്കു പ്രകാരം, 2022 നും 2024 നവംബറിനും ഇടയില്‍ ഏകദേശം 1,700 ഇന്ത്യക്കാരെ പിടികൂടിയിട്ടുണ്ട്.
Post Your Comments