Latest NewsNewsIndia

ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസിൽ കുടുക്കിയ നാരായണ ദാസിന് തിരിച്ചടി

തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ എല്‍എസ്ഡി കേസില്‍ കുടുക്കിയ സംഭവത്തിലെ പ്രതിയായ നാരായണദാസിന്റെ മുന്‍കൂര്‍ ജാമ്യം സുപ്രീംകോടതി തള്ളി. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. കോടതിയില്‍ നിന്ന് ഒരു സഹതാപവും നാരായണദാസ് പ്രതീക്ഷിക്കേണ്ടെന്നും കോടതി വാക്കാല്‍ പറഞ്ഞു. ഷീല സണ്ണി 72 ദിവസത്തിനടുത്ത് ജയിലില്‍ കഴിഞ്ഞു എന്നാല്‍ നാരായണ ദാസ് 72 മണിക്കൂര്‍ പോലും ജയിലില്‍ കഴിഞ്ഞിട്ടില്ലെന്ന് ജസ്റ്റിസ് വിക്രം നാഥ് വ്യക്തമാക്കി. കേസില്‍ നാരായണദാസിനായി മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍ ബസന്ത്, അഭിഭാഷകന്‍ സുല്‍ഫിക്കര്‍ അലി എന്നിവര്‍ ഹാജരായി. നാരായണ ദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.

Read Also:ലോക യുനാനി ദിനത്തിൽ ശ്രദ്ധയാകുന്നത് കശ്മീരിലെ അപൂർവയിനം ഔഷധ സസ്യങ്ങൾ : താഴ്‌വരയിൽ പുരാതന ചികിത്സ പ്രചാരം നേടുന്നു

ഷീല സണ്ണിയുടെ വാഹനത്തില്‍ ലഹരി മരുന്ന് വെച്ച ശേഷം അക്കാര്യം എക്‌സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചത് തൃപ്പൂണിത്തുറ സ്വദേശിയായ നാരായണദാസ് ആണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഷീല സണ്ണിയുടെ മകന്റെ ഭാര്യയുടെ സഹോദരിയും ബെംഗളൂരുവിലെ വിദ്യാര്‍ത്ഥിനിയുമായ ലിവിയ ജോസിന്റെ സുഹൃത്തായിരുന്നു നാരായണ ദാസ്. ലിവിയ ആവശ്യപ്പെട്ട പ്രകാരമാണ് വ്യാജ എല്‍എസ്ഡി സ്റ്റാമ്പ് ഷീല സണ്ണിയുടെ ബാഗില്‍ വെച്ച ശേഷം നാരായണ ദാസ് വിവരം എക്‌സൈസിന് നല്‍കിയത്. മെഡിക്കല്‍ എക്‌സാമിനറുടെ പരാതിയില്‍ ഇത് വ്യാജ എല്‍എസ്ഡി സ്റ്റാമ്പാണെന്ന് വ്യക്തമായെങ്കിലും എക്‌സൈസ് സംഘം ഈ വിവരം മറച്ചുവെച്ചു. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സംഭവം വലിയ വിവാദമായി.

പിന്നീട് ഷീല സണ്ണി 72 ദിവസം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ഷീല സണ്ണി പുറത്തിറങ്ങിയത്. ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തതോടെയാണ് ഏറെ നാളുകള്‍ക്ക് ശേഷം സംഭവത്തില്‍ വ്യക്തത വന്നത്. ലിവിയ ജോസും നാരായണ ദാസും തമ്മിലുള്ള ബന്ധം വ്യക്തമായതോടെയാണ് ഇവരെ പ്രതിചേര്‍ത്തത്. എന്നാല്‍ തന്നെ ഷീല സണ്ണി മനപ്പൂര്‍വം കുടുക്കുകയാണെന്നും തന്റെ അച്ഛനോടും അമ്മയോടും ഷീല സണ്ണി 10 ലക്ഷം ആവശ്യപ്പെട്ടതിനെ എതിര്‍ത്തതിലുള്ള പകയാണ് ഇതിന് പിന്നിലെന്നുമാണ് ലിവിയ ജോസ് ആരോപിച്ചത്.

സാമ്പത്തിക തട്ടിപ്പ്, ആള്‍മാറാട്ടം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ നാരായണ ദാസ് 28 ലക്ഷത്തിന്റെ വഞ്ചനാ കേസില്‍ പ്രതിയായിരിക്കെയാണ് ഷീല സണ്ണി കേസില്‍ പ്രതിചേര്‍ക്കപ്പെട്ടത്. പിന്നീട് ഇയാള്‍ ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഇത് തള്ളിയതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇയാളുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടില്ല. എന്നാല്‍ ഇയാളെ പിടികൂടാന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടുമില്ല. പൊലീസ് കമ്മീഷണറുടെ അടക്കം വേഷത്തില്‍ ആള്‍മാറാട്ടം നടത്തിയതിന് ഇയാള്‍ക്കെതിരെ കേസുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button