ആലുവ : ശിവരാത്രിയോടനുബന്ധിച്ച് ബലിതർപ്പണത്തിന് മണപ്പുറത്ത് എത്തുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന പറഞ്ഞു. ജില്ലാ പോലീസ് ആസ്ഥാനത്ത് വിവിധ വകുപ്പ് പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ട് നടന്ന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുരക്ഷാ ജോലികൾക്ക് കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. റയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, പ്രധാനപ്പെട്ട നിരത്ത്, മണപ്പുറം, പാലം എന്നിവിടങ്ങളിൽ ഷാഡോ പോലീസുണ്ടാകും. വാച്ച് ടവറുകളിലും പോലീസുണ്ടാകും. 24 മണിക്കൂറും സി സി ടി വി ക്യാമറകൾ പരിശോധിക്കും. മണപ്പുറത്ത് പോലീസ് കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കും.
ഷോപ്പുകൾ രജിസ്റ്റർ ചെയ്യുന്നതിന് സംവിധാനമൊരുക്കണമെന്ന് എസ്.പി നിർദ്ദേശം നൽകി. രജിസ്റ്റർ ചെയ്യുന്നിടത്ത് പോലീസ് സേവനം ലഭ്യമാക്കും. അമ്യൂസ്മെൻ്റ് പാർക്കിലെ റൈഡുകൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ് എസ്.പി പറഞ്ഞു. മണപ്പുറത്തും, തോട്ടക്കാട്ടുകരയിലും ഫയർ സർവീസ് കേന്ദ്രങ്ങളുണ്ടാകുമെന്നും, സ്കൂബ ഡൈവിംഗ് ടീം സജ്ജമാണെന്നും ഫയർ ആൻ്റ് റസ്ക്യു ഉദ്യോഗസ്ഥർ പറഞ്ഞു. ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുമെന്നും, കർശന പരിശോധന ഉണ്ടാകുമെന്നും ഭക്ഷ്യ സുരക്ഷവിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.
കൂടുതൽ എക്സൈസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിക്കുണ്ടാകും. റയിൽവേ സ്റ്റേഷൻ പരിസരത്ത് അധിക റയിൽവേ പോലീസു ദ്യോഗസ്ഥരുണ്ടാകും. പ്രധാന സ്ഥലങ്ങളിൽ കുടിവെള്ളമുണ്ടാകും.വൈദ്യുതി നിലയ്ക്കാതിരിക്കാൻ സംവിധാനമൊരുക്കും. റോഡുകളുടെ അറ്റകുറ്റ പണികൾ അടുത്ത ദിവസം തന്നെ ആരംഭിക്കും.
മുൻസിപ്പൽ ചെയർമാൻ എം.ഒ ജോൺ, ആലുവ ഡി വൈ എസ് പി ടി.ആർ രാജേഷ്, സ്പെഷൽ ബ്രാഞ്ച് ഡി വൈ എസ് പി വി.എസ് നവാസ് തുടങ്ങിയവർ പ്രസംഗിച്ചു.
Leave a Comment