സെലീനാമ്മയുടെ കല്ലറ തുറന്ന് പോസ്റ്റുമോര്‍ട്ടം നടത്തി വീണ്ടും സംസ്‌കരിച്ചു

മരണാനന്തര ചടങ്ങിന്റെ ഭാഗമായി മൃതദേഹം കുളിപ്പിച്ചപ്പോള്‍ സെലീനാമ്മയുടെ ദേഹത്ത് മുറിവും ചതവും കണ്ടെത്തിയെന്ന് കുളിപ്പിച്ച അയല്‍വാസികളാണ് പറഞ്ഞിരുന്നത്

തിരുവനന്തപുരം : മൃതദേഹത്തിൽ കരുവാളിപ്പും ചതവുകളും കണ്ടെന്ന പരാതിയില്‍ ധനുവച്ചപുരം സെലീനാമ്മയുടെ കല്ലറ തുറന്ന് പോസ്റ്റുമോര്‍ട്ടം നടത്തി വീണ്ടും സംസ്‌കരിച്ചു. പൊളിച്ച കല്ലറയില്‍ തന്നെയാണ് മൃതദേഹം സംസ്‌കരിച്ചത്.

കൊലപാതകമാണെന്ന മകന്റെ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. മരണത്തിന് ശേഷം സെലീനാമ്മയുടെ കഴുത്തിലുണ്ടായിരുന്ന മൂന്നര പവന്റെ സ്വര്‍ണമാല നഷ്ടമായിരുന്നു. വീട്ടില്‍ തനിച്ച് താമസിക്കുന്ന സെലീനാമ്മയെ ആഭരണ മോഷണത്തിന് വേണ്ടി കൊന്നതായിരിക്കാമെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പോസ്റ്റുമോര്‍ട്ടം നടത്താൻ തീരുമാനിച്ചത്.

ഇന്‍ക്വസ്റ്റില്‍ പ്രത്യക്ഷത്തില്‍ ഒന്നും കണ്ടെത്താനായില്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് കിട്ടിയാല്‍ മാത്രമേ എന്തെങ്കിലും പറയാന്‍ സാധിക്കൂവെന്നും നെയ്യാറ്റിന്‍കര ഡിവൈ എസ് പി. എസ് ഷാജി പറഞ്ഞു. ഇന്ന് രാവിലെ 11 മണിയോടെയാണ് കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്തത്.

പള്ളിയുടെ സമീപത്ത് പോസ്റ്റ്മോര്‍ട്ടം നടത്താനായി തത്കാലിക സംവിധാനം ഒരുക്കിയിരുന്നു. കല്ലറ പൊളിക്കുന്നവരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും നേരത്തെത്തന്നെ പള്ളിയില്‍ എത്തി. ജനുവരി 17നാണ് സെലീനാമ്മയെ ധനുവച്ചപുരത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണാനന്തര ചടങ്ങിന്റെ ഭാഗമായി മൃതദേഹം കുളിപ്പിച്ചപ്പോള്‍ സെലീനാമ്മയുടെ ദേഹത്ത് മുറിവും ചതവും കണ്ടെത്തിയെന്ന് കുളിപ്പിച്ച അയല്‍വാസികളാണ് പറഞ്ഞിരുന്നത്. ഒപ്പം സെലീനാമ്മയുടെ ആഭരണങ്ങളും കാണാനില്ലായിരുന്നു. സംസ്‌കാരത്തിന് ശേഷമാണ് സെലീനാമ്മയുടെ മകന്‍ ഈ വിവരങ്ങള്‍ അറിയുന്നത്. തുടര്‍ന്ന് മകന്‍ രാജു പാറശ്ശാല പോലീസില്‍ പരാതി നല്‍കി.

Share
Leave a Comment