ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും. ഇന്ന് രാഷ്ട്രപതി ദ്രൗപതി മുർമു പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഇതിനു ശേഷം സാമ്പത്തിക സർവേ അവതരിപ്പിക്കും. നാളെയാണ് പൊതുബജറ്റ് അവതരിപ്പിക്കുന്നത്. ധനമന്ത്രി നിർമ്മല സീതാരാമൻറെ തുടർച്ചയായ എട്ടാമത്തെ ബജറ്റ് അവതരണമാണ് നാളെ നടക്കാനിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും, വിലക്കയറ്റം പിടിച്ചു നിർത്താനും, നികുതിയിലുമൊക്കെ എന്തൊക്കെ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
പാർലമെൻറിൻറെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ഇന്നു രാവിലെ പത്ത് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളെ കാണും. സഭ നടത്തിപ്പിന് പ്രതിപക്ഷ പിന്തുണ തേടും. വഖഫ് നിയമഭേദഗതി ബില്ലിൽ സംയുക്ത പാർലമെൻററി സമിതിയുടെ റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കും. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഈ സമ്മേളന കാലത്ത് തന്നെ ബില്ല് പാസാക്കാനാണ് നീക്കം.
മൂന്നാം മോദി സർക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരണമാണു നാളെ നടക്കുക. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 13 വരെയാണ്. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയാകും പ്രധാനമായും ഈ ഘട്ടത്തിലുണ്ടാകുക. രണ്ടാംഘട്ടം മാർച്ച് 10നു തുടങ്ങി ഏപ്രിൽ നാലു വരെയാണ്. സമ്മേളനത്തിനു മുന്നോടിയായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അധ്യക്ഷതയിൽ ഇന്നലെ സർവകക്ഷി യോഗം ചേർന്നു. 36 പാർട്ടികളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ബജറ്റ് സമ്മേളനം സുഗമമായി നടത്താൻ എല്ലാ പാർട്ടികളുടെയും പിന്തുണ അദ്ദേഹം തേടി.
സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അംഗീകരിച്ച വഖഫ് ഭേദഗതി ബിൽ പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ ചർച്ച ചെയ്യും. ബില്ലിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച റിപ്പോർട്ട് ഇന്നലെ സ്പീക്കർക്കു കൈമാറിയിരുന്നു. ഏറെ പ്രധാനപ്പെട്ട ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ബില്ലും ബജറ്റിൽ സമ്മേളനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അനധികൃത കുടിയേറ്റം തടയാനുള്ള നിർദേശങ്ങളാണു ബില്ലിൽ എന്നാണു സൂചന. 1946 ലെ ഫോറിനേഴ്സ് നിയമം, 1920 ലെ പാസ്പോർട്ട് എൻട്രി ടു ഇന്ത്യ, 1939 ലെ റജിസ്ട്രേഷൻ ഓഫ് ഫോറിനേഴ്സ് എന്നീ നിയമങ്ങൾക്കു പകരമായിട്ടാകും പുതിയ ബിൽ. ഇതുൾപ്പെടെ മൂന്നു പുതിയ ബില്ലുകളാണ് സമ്മേളനത്തിൽ വരുന്നത്.
അതേസമയം, കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിക്കാൻ തയ്യാറായാകും പ്രതിപക്ഷം ഇക്കുറിയും സഭയിലെത്തുക. പ്രയാഗ്രാജിലെ കുംഭമേളയിലെ അപകടത്തിൽ 30 പേർ മരിച്ച സംഭവം പാർലമെന്റ് സമ്മേളനത്തിൽ ഉയർത്താനുള്ള തീരുമാനത്തിലാണു കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ. വൈസ് ചാൻസലർമാർക്കു കൂടുതൽ അധികാരം നൽകുന്ന യുജിസി കരട് മാർഗരേഖ, രാജ്യത്തെ സാമ്പത്തിക വളർച്ചാ വിഷയങ്ങളുമെല്ലാം സഭയിൽ സർക്കാരിനെതിരെ ആയുധമാക്കാനാണ് പ്രതിപക്ഷ നീക്കം.
Post Your Comments