മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലിഖാന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ വീട്ടില്‍ നിന്നു കണ്ടെത്തിയ 19 വിരലടയാളങ്ങളില്‍ ഒന്ന് പോലും പ്രതി ശരീഫുല്‍ ഇസ്‌ലാമിന്റേതല്ലെന്ന് റിപോര്‍ട്ട്. മഹാരാഷ്ട്ര ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴിലുള്ള ഫിംഗര്‍പ്രിന്റെ ബ്യൂറോയിലാണ് പരിശോധനകള്‍ നടത്തിയത്.
കംപ്യൂട്ടര്‍ സഹായത്തോടെയുള്ള പരിശോധനയിലാണ് ഇവ ശരീഫുല്‍ ഇസ്‌ലാമിന്റേത് അല്ലെന്ന് കണ്ടെത്തിയത്. ഇക്കാര്യം അന്വേഷണ സംഘത്തെ അറിയിച്ചതായും അവര്‍ കൂടുതല്‍ വിരലടയാളങ്ങള്‍ അയച്ചുതന്നതായും സിഐഡി വൃത്തങ്ങള്‍ പറഞ്ഞു.
ജനുവരി 16ന് പുലര്‍ച്ചെയാണ് ബാന്ദ്രയിലെ വസതിയില്‍ അതിക്രമിച്ചു കയറിയ ആള്‍ സെയ്ഫ് അലി ഖാനെ ആക്രമിച്ചത്. ആറ് തവണ കുത്തേല്‍ക്കുകയും കത്തി മുറിഞ്ഞ് ശരീരത്തില്‍ തറയ്ക്കുകയും ചെയ്തു. ചോരയില്‍ കുളിച്ച നടനെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയില്‍ എത്തിച്ചത്.
ആക്രമണശേഷം പ്രതി വീട്ടില്‍ നിന്ന് രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നു. സംഭവത്തില്‍ ഒന്നിലധികം ആളുകള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സംശയിക്കുന്നതായി പോലിസ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments