കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല. ബോബി ചെമ്മണ്ണൂരിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിന്റേതാണ് നടപടി.
റിമാൻഡ് ചെയ്തുള്ള കോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ ബോബി ചെമ്മണ്ണൂർ തലകറങ്ങി വീണു. ഹണി റോസ് ഉന്നയിച്ച ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും, ബോബി ചെമ്മണ്ണൂർ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് മാർക്കറ്റിംഗ് തന്ത്രം മാത്രമായിരുന്നെന്നും, അതിന് പിന്നിൽ മറ്റ് ദുരുദ്ദേശങ്ങളില്ലെന്നും, താൻ പൊതുവേദിയിൽ നല്ല രീതിയിൽ ഉപയോഗിച്ച വാക്കുകൾ ഹണി റോസ് തെറ്റിദ്ധരിച്ചതാണെന്നുമായിരുന്നു ബോബിയുടെ കോടതിയിലെ പ്രധാനവാദങ്ങൾ.
തെളിവായി ആലക്കോട്ടെ പരിപാടിയുടെ ദൃശ്യങ്ങൾ നൽകാം എന്ന് പ്രതിഭാഗം രണ്ട് തവണ വാദിച്ചപ്പോൾ അത് കേസിനെ ബാധിക്കുമെന്നും ഇപ്പോൾ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. വീഡിയോ കാണേണ്ടതില്ല എന്ന് മജിസ്ട്രേറ്റ് തീരുമാനം എടുക്കുകയായിരുന്നു.
മഹാഭാരതത്തിലെ കുന്തി ദേവിയോട് ആണ് ഉപമിച്ചത് എന്ന പ്രതിഭാഗത്തിന്റെ പരിഹാസ്യമായ വാദം കോടതി മുഖവിലയ്ക്ക് എടുത്തില്ല. മഹാഭാരതത്തിൽ കുന്തിദേവിയായി അഭിനയിച്ച നടിയുടെ സാമ്യം ഹണി റോസിന് ഉണ്ടെന്നായിരുന്നുവെന്നാണ് താൻ ഉദ്ദേശിച്ചത് എന്നും ഹണി റോസിന്റെ വസ്ത്രധാരണ രീതി അത്തരത്തിലായിരുന്നു എന്നും കോടതിയിൽ പ്രതിഭാഗം വാദിച്ചു.
മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻ പരിപാടിക്ക് വേണ്ടിയാണ് ഹൈലി പെയ്ഡ് ഗസ്റ്റിനെ വിളിച്ചത്. താൻ നടിയെ കയറി പിടിച്ചിട്ടില്ല, ഹണി റോസിന്റെ സമ്മതത്താടെയാണ് ശരീരത്തിൽ സ്പർശിച്ചത്, പരിപാടി കഴിഞ്ഞപ്പോൾ നടി തന്നെ അഭിനന്ദിച്ചു എന്നും കോടതിയിൽ പ്രതിഭാഗം പറഞ്ഞു.
നടി തന്നെ അവരുടെ ഫെയ്സ്ബുക്കിൽ തന്നോടൊപ്പമുള്ള ഉദ്ഘാടന ദൃശ്യങ്ങൾ പങ്കുവെച്ചെന്നും, ഫേസ്ബുക്ക് പോസ്റ്റിന്റെ ലിങ്കും കോടതിയിൽ ഹാജരാക്കി. നടിയുടെ പരാതിയിൽ ദുരുദ്ദേശമുണ്ടെന്ന വാദമായിരുന്നു പ്രതിഭാഗം കോടതിയിൽ വാദിച്ചത്. ഒരുപാട് പേർക്ക് ജോലി നൽകുന്ന തന്റെ കക്ഷി 30 മണിക്കൂറിലേറെയായി പോലീസ് കസ്റ്റഡിയിലാണെന്ന് അഭിഭാഷകൻ രാമൻ പിള്ള കോടതിയിൽ പറഞ്ഞു.
ജാമ്യം നൽകിയാൽ കേസിനെ ബാധിക്കില്ലെന്നും, അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും പ്രതിഭാഗം കോടതിയിൽ ഉറപ്പ് നൽകി.
കൂടുതൽ ഡിജിറ്റൽ തെളിവുകളും, ഹണി റോസിന്റെ രഹസ്യമൊഴിയുടെ പകർപ്പും, നിർണായക തെളിവുകളും നിരത്തിയായിരുന്നു കോടതിയിൽ ബോബി ചെമ്മണ്ണൂരിനെ അന്വേഷണ സംഘം പ്രതിരോധിച്ചത്.
മൊബൈൽ ഫോൺ അടക്കം കോടതിയിൽ അന്വേഷണ സംഘം ഹാജരാക്കി. അന്വേഷണവുമായി ബോബി സഹകരിക്കണം എന്ന് നിർബന്ധമില്ല എന്നും, ഹണി റോസിന്റെ പരാതി സിനിമ പ്രചാരണം ലക്ഷ്യമിട്ടല്ല എന്നും കോടതിയിൽ അന്വേഷണ സംഘം വ്യക്തമാക്കി. ഒരു സ്ത്രീയ്ക്ക് എതിരെ പൊതുവേദിയിൽ അശ്ലീല പരാമർശം നടത്തിയെന്നും, അവരുടെ ജോലിയെ പോലും അപമാനിച്ചെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.
മാലയുടെ പിൻവശം കാണൂ എന്ന് പറഞ്ഞത് ദ്വായർത്ഥ പ്രയോഗമാണ്’ അത്തരമൊരു പരാമർശത്തിന്റെ ആവശ്യം അവിടെ ഇല്ലായിരുന്നു. നിരവധി തവണ ആ വീഡിയോ മോശം രീതിയിൽ പ്രചരിച്ചു. ജാങ്കോ സ്പേസ് എന്ന യൂട്യൂബ് ചാനലിലും ബോബി അശ്ലീലച്ചുവയോടെ നടിക്ക് എതിരെ പരാമർശം നടത്തി എന്നും കോടതിയിൽ പ്രോസിക്യൂഷൻ വാദിച്ചു. അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിച്ചത് തെറ്റാണെന്നും കോടതിയിൽ പ്രോസിക്യൂഷൻ വാദിച്ചു.
പ്രതിക്ക് ജാമ്യം നൽകിയാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും, സാക്ഷികളെ സ്വാധീനിക്കുമെന്നും, ഒളിവിൽ പോകാൻ സാധ്യത ഉണ്ടെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചിരുന്നു.
ഉച്ചയ്ക്ക് 1 മണിയോടെയാണ് ബോബി ചെമ്മണ്ണൂരിനെ കോടതിയിൽ ഹാജരാക്കിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു കേസെടുത്തത്.
സ്ത്രീകൾക്ക് നേരെ അശ്ലീല പരാമർശം നടത്തുക, അവ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുക തുടങ്ങിയ കുറ്റങ്ങളാണ് ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിട്ടുള്ളത്.
Post Your Comments