Latest NewsKerala

പല പ്രമുഖരെയും ജയിലിൽ അടയ്ക്കുമെന്ന് പ്രതിജ്ഞയെടുത്ത പി വി അൻവർ ഒടുവിൽ ജയിലിൽ, റിമാൻഡ് ചെയ്തത് 14 ദിവസത്തേക്ക്

മലപ്പുറം: പി വി അൻവർ എംഎൽഎയെ 14 ​ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തവനൂർ സബ് ജയിലിലാണ് നിലവിൽ എംഎൽഎയെ പാർപ്പിച്ചിരിക്കുന്നത്. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെത്തിച്ച് രണ്ടാം തവണയും വൈദ്യപരിശോധന നടത്തിയ ശേഷമാണ് അൻവറിനെ തവനൂർ ജയിലിലേക്ക് എത്തിച്ചത്. പി വി അൻവർ ഇന്ന് ജാമ്യാപേക്ഷ നൽകുമെന്നാണ് സൂചന.

നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത കേസിലാണ് ഇന്നലെ രാത്രിയിൽ അൻവറിനെ അറസ്റ്റ് ചെയ്തത്. കേസിൽ അൻവർ ഒന്നാം പ്രതിയാണ്. ജാമ്യമില്ലാ വകുപ്പുകൾ അടക്കം ചുമത്തിയ കേസിൽ അൻവർ അടക്കം 11 പ്രതികളാണുളളത്. കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കം വകുപ്പുകളാണ് ചുമത്തിയത്. ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചാണ് വനംവകുപ്പ് ഓഫീസ് ആക്രമണത്തിലേക്കെത്തിയത്. പ്രതിഷേധക്കാർ അടച്ചിട്ട നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ. ഓഫീസിന്റെ പൂട്ട് തകർത്ത് ഉള്ളിൽ കയറി സാധന സാമഗ്രികൾ നശിപ്പിച്ചു. ജില്ലാ ആശുപത്രിയിലെത്തിയും പ്രതിഷേധിച്ചിരുന്നു. ഇതിനെത്തുടർന്നാണ് തുടർന്നാണ് പോലീസിന്റെ നടപടി.

മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായിരുന്ന നിലമ്പൂരിലെ ഇടത് സ്വതന്ത്ര എംഎൽഎ പി വി അൻവർ മുഖ്യമന്ത്രിയുമായി തെറ്റിയത് മാസങ്ങൾക്ക് മുമ്പാണ്. പൊലീസിലെ ചില ഉന്നത ഉദ്യോ​ഗസ്ഥരെ ചൊല്ലി ആരംഭിച്ച അഭിപ്രായ വ്യത്യാസം ഒടുവിൽ പി വി അൻവർ ഇടത് ബന്ധം അവസാനിപ്പിക്കുന്നതിലേക്കും തുടർന്ന് അൻവർ ജയിലിലാകുന്ന സാഹചര്യത്തിലേക്കും എത്തുകയായിരുന്നു.

എഡിജിപി അജിത് കുമാറിനെയും മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിനെയും വിമർശിച്ച് തുടങ്ങിയതോടെയാണ് അൻവറും മുഖ്യമന്ത്രിയും തമ്മിൽ അകൽച്ച ആരംഭിച്ചത്. ഇവരെ അറസ്റ്റ് ചെയ്യിച്ച് ജയിലിലടയ്ക്കുമെന്നു അൻവർ പ്രതിജ്ഞയെടുത്തിരുന്നു. താൻ‌ ജീവിച്ചിരിക്കുന്നിടത്തോളം കാലം അജിത് കുമാറിനെ ‍ഡിജിപിയാക്കില്ലെന്നും ജയിലിൽ അടയ്ക്കുമെന്നും കഴിഞ്ഞദിവസവും അൻവർ പറഞ്ഞിരുന്നു. ഒടുവിൽ അൻവർ ജയിലിലേക്ക് പോവുന്ന കാഴ്ചയാണു രാഷ്ട്രീയ കേരളം കാണുന്നത്.

മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നടത്തിയ അറസ്റ്റെന്നായിരുന്നു വീട്ടിൽ നിന്നും അറസ്റ്റ് ചെയ്ത് പുറത്തിറക്കുന്നതിന് മുന്നോടിയായി മാധ്യമങ്ങളോട് അൻവറിന്റെ പ്രതികരണം. എംഎൽഎ ആയതിനാൽ മാത്രം നിയമത്തിന് കീഴടങ്ങുകയാണെന്ന് അൻവർ പ്രതികരിച്ചു. അറസ്റ്റുമായി സഹകരിക്കും. നിയമം അനുസരിക്കുന്നയാളുടെ ഉത്തരവാദിത്തമാണത്. മോദിയേക്കാൾ വലിയ ഭരണകൂട ഭീകരത പിണറായി നടപ്പാക്കുകയാണെന്നും അൻവർ ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button