Latest NewsKeralaNews

എച്ച്.എം.പി.വി രോഗബാധ: ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്

ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേർന്ന് നിലവിലെ സ്ഥിതി വിലയിരുത്തി

തിരുവനന്തപുരം: ഇന്ത്യയിൽ ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് (എച്ച്.എം.പി.വി.) റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന വാർത്തയിൽ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ചൈനയിൽ വൈറൽ പനിയുടെയും ന്യൂമോണിയയുടെയും ഔട്ട് ബ്രേക്ക് ഉണ്ടെന്ന വാർത്തകളെ തുടർന്ന് സംസ്ഥാനം നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നുവെന്നും ആരോഗ്യ വിദഗ്ധരുമായി സംസാരിച്ച് പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്. നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

read also: ചോറ്റാനിക്കരയില്‍ ഡോക്ടറുടെ വീട്ടിനുള്ളിലെ ഫ്രിഡ്ജില്‍ തലയോട്ടിയും അസ്ഥികൂടവും: അന്വേഷണം

മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗം ചേർന്ന് നിലവിലെ സ്ഥിതി വിലയിരുത്തി. ലോകത്തിന്റെ പലഭാഗങ്ങളിലും ഇന്ത്യയിലും കണ്ടുവരുന്ന ഒരു വൈറസാണ് എച്ച്.എം.പി.വി. എന്ന് പത്രക്കുറിപ്പിൽ ഐസിഎംആർ വ്യക്തമാക്കി. അതിനാൽ ആശങ്കപ്പെടേണ്ടതില്ല. എച്ച്.എം.പി. വൈറസിനെ അപകടകാരിയായ ഒരു പുതിയ വൈറസായി കാണാൻ കഴിയില്ല. വൈറസിൽ കാര്യമായ ജനിതക വ്യതിയാനങ്ങൾ സംഭവിച്ചിട്ടില്ലെങ്കിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഇതുവരെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജനിതക വ്യതിയാനം ഉള്ളതായി ലോകാരോഗ്യ സംഘടനയോ, ചൈനയിലെ വിദഗ്ധരോ അറിയിച്ചിട്ടില്ല. നമ്മുടെ നാട്ടിൽ പ്രത്യേകിച്ച് കുട്ടികളിലും പ്രായമായവരിലും കാണപ്പെടുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കൃത്യമായി നിരീക്ഷിക്കുകയും രോഗ ലക്ഷണങ്ങളുള്ളവർ മാസ്‌ക് ധരിക്കുകയും കൃത്യമായ ചികിത്സ ഉറപ്പാക്കുകയും ചെയ്യുക. ചൈന ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളിൽ നിന്ന് വരുന്ന ആളുകളിലും ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ കാണുന്നുവെങ്കിൽ അവരെയും നിരീക്ഷിക്കുന്നതാണ്.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

· വായുവിലൂടെ പകരുന്ന രോഗമായതിനാൽ മാസ്‌ക് ഉപയോഗിക്കുന്നതും കൈകളുടെ ശുചിത്വവും പ്രധാനമാണ്.

· അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക. ആശുപത്രിയിൽ മാസ്‌ക് ഉപയോഗിക്കുക.

· തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മറയ്ക്കണം.

· മുറികളിൽ ശരിയായ വായൂസഞ്ചാരം ഉറപ്പാക്കുക. ഇത് വൈറസിന്റെ വ്യാപനം കുറയ്ക്കും.

· കുട്ടികൾ, മുതിർന്നവർ, ഗർഭിണികൾ, പ്രമേഹം, ഹൃദ്രോഗം, രക്തസമ്മർദ്ദം, കരൾ, വൃക്കരോഗങ്ങൾ തുടങ്ങിയവയുള്ളവരും രോഗ പ്രതിരോധശേഷി കുറഞ്ഞവരും പ്രത്യേകം ശ്രദ്ധിക്കണം.

· പ്രമേഹവും രക്തസമ്മർദ്ദവും നിയന്ത്രണ വിധേയമാക്കുക.

· ജലനഷ്ടം ഉണ്ടാകാതിരിക്കാൻ ധാരാളം വെള്ളം കുടിക്കണം.

· രോഗ ലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം ചികിത്സ തേടി മതിയായി വിശ്രമിക്കണം.

shortlink

Post Your Comments


Back to top button