KeralaLatest News

എറണാകുളത്തെ പ്രധാന ബീച്ചുകളിലെ പുതുവർഷ ആഘോഷം : ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി പോലീസ്

ബീച്ചിൽ മദ്യപാനം, മറ്റു ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവ കണ്ടെത്തുന്നതിന് ഷാഡോ പോലീസിനെ നിയോഗിക്കുന്നുണ്ട്

കൊച്ചി : പുതുവർഷ ആഘോഷങ്ങളോടനുബന്ധിച്ച് ചെറായി, കുഴുപ്പിള്ളി, മുനമ്പം ബീച്ചുകളിൽ എത്തിച്ചേരുന്ന ജനങ്ങളുടെ തിരക്ക് പരിഗണിച്ച് മുനമ്പം പോലീസ് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഡിസംബർ 31 തീയതി ഉച്ചക്ക് 2 മണിക്ക് ശേഷം വൈപ്പിൻ മുനമ്പം സംസ്ഥാനപാതയിൽ നിന്നും ബീച്ച് റോഡുകൾ വഴി ബീച്ച് ഭാഗത്തേക്ക് ബസ് / ട്രാവലർ മുതലായ വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നതല്ല.

ചെറായി ബീച്ചിലെത്തി ഇടതുഭാഗത്തേക്ക് തിരിയുന്ന കാർ മുതലുള്ള വാഹനങ്ങൾ റോഡിന്റെ ഇടതുഭാഗത്ത് മാത്രം, സൗകര്യമുള്ള ഇടങ്ങളിൽ മാത്രം പാർക്ക് ചെയ്യേണ്ടതും മടങ്ങിപ്പോകുന്ന സമയം മുന്നോട്ടു മാത്രം സഞ്ചരിച്ച് രക്‌തേശ്വരി ബീച്ച് റോഡ്, കുഴുപ്പിള്ളി – പള്ളത്താംകുളങ്ങര ബീച്ച് റോഡ് എന്നീ മാർഗ്ഗങ്ങളിലൂടെ സംസ്ഥാനപാതയിൽ എത്തി മടങ്ങി പോകേണ്ടതാണ്.

പ്രധാന റോഡിൽ നിന്നും ബീച്ച് റോഡിലെ ബീച്ച് ജംഗ്ഷനിൽ എത്തി വടക്ക് ഭാഗത്തേക്ക് തിരിയുന്ന വാഹനങ്ങൾ റോഡിൻറെ ഇടതുഭാഗത്ത് സൗകര്യമുള്ളയിടത്ത് മാത്രം പാർക്ക് ചെയ്യേണ്ടതും മുന്നോട്ടു മാത്രം സഞ്ചരിച്ച് മുനമ്പം ബീച്ച് റോഡ് ഐ. ആർ വളവ് വഴി സംസ്ഥാനപാതയിൽ പ്രവേശിച്ച് പുറത്തേക്ക് പോകേണ്ടതുമാണ്.

കരുത്തലയിൽ നിന്നും പടിഞ്ഞാറോട്ട് ഉള്ള ബീച്ച് റോഡിലൂടെ നിയന്ത്രിതമായി വൺവേ ഗതാഗതം ആയിരിക്കുന്നതാണ്. ഈ റോഡിലൂടെ ഓട്ടോറിക്ഷ ടൂവീലറുകൾ മാത്രമേ പ്രധാന റോഡിലേക്ക് പോകാൻ അനുവദിക്കുകയുള്ളൂ. ഈ വഴിയിലൂടെ പുറത്തേക്കുള്ള കാറുകൾ മുതലായ വാഹനങ്ങളുടെ ഗതാഗതം അനുവദിക്കുന്നതല്ല.

ചെറായി ബീച്ചിലെ ഹോംസ്റ്റേകൾ റിസോർട്ടുകൾ എന്നിവിടങ്ങളിൽ മുറികൾ ബുക്ക് ചെയ്തിട്ടുള്ളവർ മൂന്നുമണിക്ക് മുൻപെങ്കിലും റിസോർട്ടുകളിൽ ചെക്ക് ഇൻ ചെയ്യേണ്ടതാണ് .വൈകിട്ട് തിരക്ക് അധികരിക്കുന്നത് അനുസരിച്ച് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയാൽ ബീച്ചിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തേണ്ടതായി വന്നേക്കാം.

ബീച്ചിൽ മദ്യപാനം, മറ്റു ലഹരിവസ്തുക്കളുടെ ഉപയോഗം എന്നിവ കണ്ടെത്തുന്നതിന് ഷാഡോ പോലീസിനെ നിയോഗിക്കുന്നുണ്ട്. കൂടാതെ വാഹനങ്ങളിലും ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതും കടത്തുന്നതും കണ്ടെത്തുന്നതിനുള്ള കർശന പരിശോധന ഉണ്ടായിരിക്കുന്നതാണ്.

പൊതുസ്ഥലങ്ങളിലും നിർത്തിയിട്ട വാഹനങ്ങളിലും അമിത ശബ്ദത്തിൽ ഉച്ചഭാഷിണികൾ പ്രവർത്തിപ്പിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുന്നതും ഉപകരണങ്ങൾ കണ്ടുകെട്ടുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതുമാണ്. അനധികൃതമായി പാർക്ക് ചെയ്ത് ഗതാഗത തടസ്സം ഉണ്ടാക്കുന്ന വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് നീക്കം ചെയ്യുന്നതും ആയതിന്റെ ചിലവ് പ്രസ്തുത വാഹന ഉടമകളിൽ നിന്നും ഈടാക്കുന്നതും ആണ്.

കുടുംബമായി എത്തുന്ന സന്ദർശകർ കുട്ടികൾ കൈവിട്ടു പോകാതെ പ്രത്യേകം ശ്രദ്ധിക്കണം എന്ന് പോലീസ് അറിയിച്ചു. കുട്ടികളോ കൂട്ടുകാരോ കൂട്ടംതെറ്റി പോയാൽ ഇരുവരും ബീച്ച് ജംഗ്ഷന് സമീപമുള്ള ജനകീയ വായനശാലയുടെ മുന്നിലെത്തി പരസ്പരം കണ്ടെത്തുന്നതിനുള്ള ശ്രമം നടത്തേണ്ടതാണ്. തിരക്ക് നിയന്ത്രണത്തിനുവേണ്ടി ഏർപ്പെടുത്തുന്ന ക്രമീകരണങ്ങളോട് തദ്ദേശവാസികൾ സഹകരിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button