റിയാദ് : രാജ്യത്തെ പൊതു റോഡുകളിൽ മനഃപൂർവ്വം മാർഗ തടസമുണ്ടാക്കുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് സൗദി അധികൃതർ വ്യക്തമാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പ്രൊട്ടക്ഷൻ ഓഫ് പബ്ലിക് ഫസിലിറ്റീസ് നിയമത്തിൽ അനുശാസിക്കുന്ന വ്യവസ്ഥകൾ പ്രകാരമാണിത്. ഈ നിയമപ്രകാരം സൗദി അറേബ്യയിൽ പൊതു റോഡുകൾ, വെള്ളപ്പൊക്കം ഒഴിവാക്കുന്നതിനായി നിർമ്മിച്ചിട്ടുള്ള ഡ്രൈനേജുകൾ തുടങ്ങിയവ മനഃപൂർവ്വം കേടുവരുത്തുന്നതും, തടസപ്പെടുത്തുന്നതും കുറ്റകരമാണ്.
ഇത്തരം നിയമലംഘനങ്ങൾക്ക് ഇത്തരം കേടുപാടുകൾ നികത്തുന്നതിന് ചെലവാകുന്ന തുകയുടെ എഴുപത് ശതമാനം വരെ (പരമാവധി 100000 റിയാൽ വരെ) പിഴയായി ചുമത്തപ്പെടാവുന്നതാണ്. ഒന്നിലധികം പേര് ചേർന്ന് ഇത്തരം നിയമലംഘനങ്ങൾ നടത്തുന്ന സാഹചര്യങ്ങളിൽ ഇവരിൽ നിന്ന് സംയുക്തമായി ഈ തുക പിരിച്ചെടുക്കുന്നതാണ്.
ഇതിന് പുറമെ ഇവർക്കെതിരെ ബന്ധപ്പെട്ട കോടതികളിൽ തുടർശിക്ഷാ നടപടികൾ സ്വീകരിക്കുന്നതാണ്. സൗദി മുനിസിപ്പാലിറ്റീസ് ആൻഡ് ഹൌസിങ് വകുപ്പ് മന്ത്രി മജീദ് അൽ ഹോഗൈൽ ഈ നിയമത്തിലെ നിബന്ധനകൾക്ക് അംഗീകാരം നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Post Your Comments