തിരുവനന്തപുരം: വിവാദമായ നവകേരള ബസ് വീണ്ടും നിരത്തിലിറക്കാൻ ഒരുങ്ങി കെ.എസ്.ആർ.ടി.സി. സർവീസ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ടിക്കറ്റ് നിരക്കുകൾ കുറച്ചു. ഒപ്പം ബസിന്റെ രൂപ ഘടനയിൽ വീണ്ടും മാറ്റം വരുത്തി. 11 സീറ്റുകളാണ് അധികമായി ഘടിപ്പിച്ചു. ഇതോടെ സീറ്റുകളുടെ എണ്ണം 37 ആയി. ഭാരത് ബെൻസിന്റെ ബസ് ബോഡി ബിൽഡിങ് നടത്തുന്ന ബെംഗളൂരുവിലെ വർക്ക് ഷോപ്പിലായിരുന്നു ബസ്. നിർമാണം പൂർത്തിയായതോടെ ബസ് ബെംഗളൂരുവിൽ നിന്നും കോഴിക്കോട് എത്തിച്ചു.
തുടക്കത്തിൽ ബെംഗളൂരു-കോഴിക്കോട് യാത്രയ്ക്ക് 1280 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. ഇപ്പോൾ 930 രൂപയാക്കി കുറച്ചു. തുടക്കത്തിൽ വൻ തുക ഈടാക്കിയതോടെ യാത്രക്കാർ കുറഞ്ഞു. അത് നഷ്ടത്തിലാണ് കലാശിച്ചത്. ഇതോടെയാണ് ബസിന്റെ രൂപം മാറ്റാനായി ബെംഗളൂരുവിലേക്ക് കൊണ്ടുപോയത്.
നവകേരള സദസിന്റെ പരിപാടിക്കായി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും യാത്ര ചെയ്യുന്നതിനായാണ് 1.16 കോടി രൂപ ചെലവിൽ ബസ് വാങ്ങിയത്. 26 സീറ്റാണ് ഉണ്ടായിരുന്നത്. മുഖ്യമന്ത്രി ഇരിക്കാൻ ഉപയോഗിച്ച സീറ്റ് ഡബിൾ സീറ്റാക്കി മാറ്റി, ശുചിമുറി, ഹൈഡ്രോളിക് ലിഫ്റ്റ്, വാഷ്‌ബേസിൻ, ടെലിവിഷൻ, മ്യൂസിക് സിസ്റ്റം, മൊബൈൽ ചാർജർ, ലെഗേജ് കാര്യർ തുടങ്ങിയ സംവിധാനങ്ങൾ ബസിൽ നിലനിർത്തി. എസ്കലേറ്റർ, പിൻ ഡോർ എന്നിവ ഒഴിവാക്കി. കഴിഞ്ഞ ജൂലായ്‌ക്കുശേഷം സർവീസ് പൂർണമായും നിർത്തി വെച്ചിരുന്നു.
Post Your Comments