Latest NewsKeralaNews

തെറ്റു പറ്റിയാല്‍ അത് സമ്മതിക്കുന്ന പതിവ് ഒരു മഹാരഥനും ഇവിടെയില്ല: മുഖ്യമന്ത്രിയെ വേദിയിലിരുത്തി വിമർശനവുമായി എം.ടി

കോഴിക്കോട്: അധികാരമെന്നാൽ ആധിപത്യമോ സർവാധിപത്യമോ ആയി മാറിയെന്നും ജനസേവനത്തിനുള്ള അവസരമെന്ന സിദ്ധാന്തത്തെ കുഴിച്ചുവെട്ടിമൂടിയെന്നും എഴുത്തുകാരൻ എം ടി വാസുദേവൻ നായർ. മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തിയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കോഴിക്കോട് കേരള ലിറ്ററേച്ചർ ഫെസ്റ്റിവെലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആൾക്കൂട്ടത്തെ ആരാധകരായും പടയാളികളായും മാറ്റാം. രാഷ്ട്രീയത്തിലെ മൂല്യച്യുതിയെപ്പറ്റി കേൾക്കാൻ തുടങ്ങിയിട്ട് വളരെ കാലമായി. എന്തുകൊണ്ട് എന്ന സംവാദങ്ങൾക്ക് പലപ്പോഴും അർഹിക്കുന്ന വ്യക്തികളുടെ അഭാവം എന്ന ഒഴുക്കൻ മറുപടി കൊണ്ട് തൃപ്തിപ്പെടേണ്ടി വരുന്നു. രാഷ്ട്രീയ പ്രവർത്തനം അധികാരത്തിലെത്താനുള്ള ഒരംഗീകൃത മാർഗമാണ്. എവിടെയും അധികാരമെന്നാൽ ആധിപത്യമോ സർവാധിപത്യമോ ആവാം. അസംബ്ലിയിലോ പാർലമെന്റിലോ മന്ത്രിസഭയിലോ ഒരു സ്ഥാനം എന്നുവച്ചാൽ ആധിപത്യത്തിനുള്ള ഒരു തുറന്ന അവസരമാണ്. അധികാരമെന്നാൽ, ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മൾ കുഴിവെട്ടി മൂടി.

കാലം സമൂഹത്തെ എത്തിക്കുന്ന ചില അവസ്ഥകളിൽ ചില നിമിത്തങ്ങളായി ചിലർ നേതൃത്വത്തിലെത്തുന്നു. ഉത്തരവാദിത്തത്തെ ഭയത്തോടെയല്ലാതെ ആദരവോടെ സ്വീകരിച്ച്, എല്ലാ വിധത്തിലുമുള്ള അടിച്ചമർത്തലുകളിൽ നിന്ന് മോചനം നേടാൻ വെമ്പുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടി ലക്ഷ്യമാക്കുന്ന ഒരു നേതാവിന് എന്നും പുതിയ പഥങ്ങളിലേക്ക് ചിന്തയും പുതിയ ചക്രവാളങ്ങളിലേക്ക് വീക്ഷണവും അയച്ചു കൊണ്ടേയിരിക്കണം. അപ്പോൾ നേതാവ്, ഒരു നിമിത്തമല്ലാതെ ചരിത്രപരമായ ഒരാവശ്യകതയായി മാറുന്നു. അതായിരുന്നു ഇഎംഎസ്. ഇത് കാലത്തിന്റെ ആവശ്യമാണെന്ന് അധികാരത്തിലുള്ളവർ ഉൾക്കൊണ്ട് പ്രവർത്തിക്കാൻ തയാറാകുമെന്ന് പ്രത്യാശിക്കുന്നു’, എംടി വാസുദേവൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button