കോഴിക്കോട് : പത്താം ക്ലാസ് ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ എംഎസ് സൊല്യൂഷന്‍ സിഇഒ ഷുഹൈബിന് ലുക്ക് ഔട്ട് നോട്ടീസ്. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഷുഹൈബ് ഹാജരായിരുന്നില്ല.
ഈ സാഹചര്യത്തില്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് നടപടി. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ക്രൈംബ്രാഞ്ചാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ ഇട്ടതും ഷുഹൈബിനെ അടക്കം പ്രതി ചേര്‍ത്തതും.
കൊടുവള്ളിയിലെ എം എസ് സൊല്യൂഷനിലും ഷുഹൈബിന്റെ വീട്ടിലും ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. പ്രാഥമിക പരിശോധനയില്‍ ചോദ്യപേപ്പറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ഷൂഹൈബിനെ കസ്റ്റഡിയിലെടുത്ത് വിശദമായ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അധ്യാപകര്‍ക്കും പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച വിവരം. ആരോപണ വിധേയരായ എം എസ് സൊലൂഷ്യന്‍സിന്റെ ക്ലാസ്സുകളുമായി സഹകരിച്ചിരുന്ന അധ്യാപകരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസമാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ക്രൈംബ്രാഞ്ച് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. കൂടുതല്‍ ട്യൂഷന്‍ സെന്ററുകളും അന്വേഷണ സംഘത്തിന്റെ പരിധിയിലാണ്.
Post Your Comments