അമീറുല്‍ ഇസ്ലാമിന്റെ മനോനിലയില്‍ പ്രശ്‌നങ്ങളില്ല : ജിഷ വധക്കേസിലെ നിര്‍ണായക റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് കൈമാറി

കൊച്ചി :  പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയെ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് കൈമാറി. കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതി അമീറുല്‍ ഇസ്ലാമിന്റെ മനോനിലയില്‍ പ്രശ്‌നങ്ങളില്ലെന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ ബോര്‍ഡ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ടാണ് സുപ്രീംകോടതിക്ക് കൈമാറിയത്.

മാനസികമായ പ്രശ്‌നങ്ങള്‍, വ്യാകുലത, ഭയം എന്നിവ അമീറുല്‍ ഇസ്ലാമിന് ഇല്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒപ്പം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ സൂപ്രണ്ട് തയ്യാറാക്കിയ സ്വഭാവ സര്‍ട്ടിഫിക്കറ്റും കോടതിക്ക് കൈമാറി. ജയിലിലെ കുറ്റങ്ങള്‍ക്ക് ഇത് വരെയും അമീറുല്‍ ഇസ്ലാമിനെ ശിക്ഷിച്ചിട്ടില്ലെന്ന് ജയില്‍ സൂപ്രണ്ട് നല്‍കിയ സ്വഭാവ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നു.

പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുല്‍ ഇസ്ലാം നേരത്തെ വധശിക്ഷക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. വധശിക്ഷയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്താണ് ഹർജി നല്‍കിയത്. നിരപരാധിയെന്ന് തെളിയിക്കാന്‍ കഴിയുന്ന തെളിവുകളുണ്ടെന്നാണ് ഹർജിയില്‍ ചൂണ്ടിക്കാട്ടിയത്.

അഭിഭാഷകരായ സതീഷ് മോഹനന്‍, സുഭാഷ് ചന്ദ്രന്‍, ശ്രീറാം പാറക്കാട്ട് എന്നിവരാണ് ഹർജി സമര്‍പ്പിച്ചത്. നിയമവിദ്യാര്‍ഥിനി അതിക്രൂരമായി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതിക്ക് വിചാരണ കോടതി നല്‍കിയ വധശിക്ഷ മെയ് 20 നാണ് ഹൈക്കോടതി ശരിവെച്ചത്.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് അസം സ്വദേശി അമീറുളിന് വധശിക്ഷ വിധിച്ചത്. 2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂര്‍ കുറപ്പുംപടിക്കടുത്ത് ഇരിങ്ങോളിൽ നിയമ വിദ്യാര്‍ഥിനി ബലാത്സംഗത്തിനിരയായി ക്രൂരമായി കൊല്ലപ്പെട്ടത്.

Share
Leave a Comment