തിരുവനന്തപുരം: ഡിസംബർ എട്ടിന് ആരംഭിക്കുന്ന 28-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള 2023ന്റെ (ഐ.എഫ്.എഫ്.കെ) ഡെലിഗേറ്റ് പാസ് വിതരണം തുടങ്ങി. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ തുറന്ന ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനം മേയർ ആര്യ രാജേന്ദ്രൻ നിർവഹിച്ചു. 2022ലെ മികച്ച നടിക്കുള്ള സംസ്ഥാന സിനിമ പുരസ്‌കാര ജേതാവുകൂടിയായ നടി വിൻസി അലോഷ്യസിന് ആദ്യ പാസ് നൽകി സംവിധായകൻ ശ്യാമ പ്രസാദ് ഡെലിഗേറ്റ് പാസ് വിതരണോദ്ഘാടനം നിർവഹിച്ചു.
Read Also: രാജ്യത്ത് ചൈനീസ് വെബ്‌സൈറ്റുകള്‍ക്ക് പൂട്ടിട്ട് കേന്ദ്രം
രാജ്യാന്തര ചലചിത്ര മേളയുടെ ആദ്യ ഡെലിഗേറ്റ് പാസ് ലഭിച്ചത് തനിക്കു കിട്ടിയ രണ്ടാമത്തെ പുരസ്‌കാരമാണെന്ന് പാസ് ഏറ്റുവാങ്ങി വിൻസി അലോഷ്യസ് പറഞ്ഞു. യുദ്ധത്തിനും അക്രമങ്ങൾക്കുമെതിരെ കല കൊണ്ടു പ്രതിരോധം സൃഷ്ടിക്കാൻ പാകത്തിനുള്ള നിരവധി ചിത്രങ്ങൾ 28-ാമത് ഐ.എഫ്.എഫ്.കെയിലുണ്ടെന്നും അതുകൊണ്ടുതന്നെ ഈ ചലച്ചിത്രമേള കാലഘട്ടത്തിന് അനുയോജ്യമാണെന്നും ഡിലെഗേറ്റ് സെൽ ഉദ്ഘാടനം ചെയ്തു മേയർ പറഞ്ഞു. കേരളത്തിലെ യുവ തലമുറയുടെ സിനിമാസ്വാദനത്തിനെയും അഭിരുചികളെയും കേരള രാജ്യാന്തര ചലച്ചിത്ര മേള വലിയ രീതിയിൽ സ്വാധീനിക്കുകയും മലയാള സിനിമയ്ക്കുണ്ടായിട്ടുള്ള നവ തരംഗത്തിന് കാരണമാകുകയും ചെയ്തെന്നു സംവിധായകൻ ശ്യാമപ്രസാദ് ചടങ്ങിൽ പറഞ്ഞു.
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ചലച്ചിത്രമേളയുടെ ക്യൂറേറ്റർ ഗോൾഡ സെല്ലം, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാർ, സെക്രട്ടറി സി. അജോയ്, എക്‌സിക്യൂട്ടിവ് ബോർഡ് അംഗം പ്രകാശ് ശ്രീധർ, ഡെലിഗേറ്റ് കമ്മിറ്റി ചെയർമാൻ കെ.ജി. മോഹൻ കുമാർ, ഫെസ്റ്റിവൽ ഡെപ്യൂട്ടി ഡയറക്ടർ എച്ച്. ഷാജി എന്നിവർ പ്രസംഗിച്ചു. കേരള സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ സംഘടനയിലെ അംഗങ്ങളുടെ സംഗീത പരിപാടിയും അരങ്ങേറി.
Post Your Comments