ന്യൂദൽഹി : ഇന്ത്യൻ ബാഡ്മിൻ്റൺ താരം പിവി സിന്ധുവും വെങ്കട ദത്ത സായിയുമായിട്ടുള്ള വിവാഹനിശ്ചയം ഡിസംബർ 14 ശനിയാഴ്ച നടന്നു. ഡിസംബർ 22 ഞായറാഴ്ച ഉദയ്പൂരിൽ വെച്ച് ഇവരുടെ വിവാഹം നടക്കുമെന്നും റിപ്പോർട്ടുണ്ട്.
രണ്ടാഴ്ച മുമ്പ് ലഖ്‌നൗവിൽ നടന്ന സയ്യിദ് മോദി ഇൻ്റർനാഷണലിൽ കിരീടം നേടിയതിന് തൊട്ടുപിന്നാലെയാണ് സിന്ധുവിൻ്റെ വിവാഹ പ്രഖ്യാപനം. സിന്ധുവിൻ്റെ വിവാഹ ആഘോഷങ്ങൾ ഡിസംബർ 20 ന് ഉദയ്പൂരിൽ ആരംഭിക്കും. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെ ഇരുവരും നേരത്തെ ക്ഷണിച്ചിരുന്നു.
അതേ സമയം ഇന്ന് ദത്തയ്‌ക്കായി അവരുടെ വിവാഹനിശ്ചയത്തോടനുബന്ധിച്ച് സിന്ധു സോഷ്യൽ മീഡിയയിൽ ഹൃദയസ്‌പർശിയായ ഒരു സന്ദേശം പോസ്റ്റ് ചെയ്തു. ഇത് ഏറെ വൈറലായിട്ടുണ്ട്. മനോഹരമായി അലങ്കരിച്ച വേദിക്ക് പിന്നിൽ “മിസ് ടു മിസിസ്” എന്നെഴുതിയ ബോർഡും ചിത്രത്തിലുണ്ട്.
“സ്നേഹം നിങ്ങളെ വിളിക്കുമ്പോൾ, അവനെ അനുഗമിക്കുക, കാരണം സ്നേഹം തന്നെയല്ലാതെ മറ്റൊന്നും നൽകുന്നില്ല.”- ലെബനീസ് എഴുത്തുകാരൻ ഖലീൽ ജിബ്രാനെ ഉദ്ധരിച്ച് സിന്ധു തൻ്റെ പോസ്റ്റിൽ പറഞ്ഞു.
അതേ സമയം ഇരു കുടുംബങ്ങൾക്കും പരസ്പരം ഇവരുടെ കാര്യം അറിയാമായിരുന്നുവെന്നും എന്നാൽ ഒരു മാസം മുമ്പാണ് എല്ലാം തീരുമാനിച്ചുറപ്പിച്ചതെന്ന് സിന്ധുവിൻ്റെ അച്ഛൻ പിവി രമണ പിടിഐയോട് പറഞ്ഞു. കൂടാതെ ജനുവരി മുതൽ സിന്ധു കളിക്കളത്തിൽ തിരക്കാകുമെന്നും അച്ഛൻ കൂട്ടിച്ചേർത്തു.
രണ്ട് തവണ ഒളിമ്പിക്‌സ് മെഡൽ ജേതാവായ താരം ഓപ്പണിംഗ് മലേഷ്യ ഓപ്പൺ സൂപ്പർ 1000 ടൂർണമെൻ്റിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. അത് മിക്കവാറും ജനുവരി 7 ന് ആരംഭിക്കും. സീസണിലെ ആദ്യത്തെ വലിയ ടൂർണമെൻ്റായിരിക്കും ഇത്.
ഇക്കാര്യങ്ങൾ കൊണ്ടെല്ലാമാണ് ഡിസംബർ 22 ന് വിവാഹം നടത്താൻ ഇരുവീട്ടുകാരും തീരുമാനിച്ചത്. ഡിസംബർ 24 ന് ഹൈദരാബാദിൽ റിസപ്ഷൻ നടക്കും. അടുത്ത സീസൺ പ്രധാനമായതിനാൽ സിന്ധു ഉടൻ പരിശീലനം ആരംഭിക്കുമെന്നും രമണ കൂട്ടിച്ചേർത്തു.
Post Your Comments