Kerala

ശക്തമായ മഴ : മലപ്പുറം ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു

നദീതീരത്ത് താമസിക്കുന്ന എല്ലാവരും പ്രത്യേക ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ അറിയിച്ചു

മലപ്പുറം : ശക്തമായ മഴ മുന്നറിയിപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് നാല് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ഈ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് കളക്ടര്‍ ഉത്തരവിറക്കി. ഒരു അറിയിപ്പുണ്ടാകുന്നത് വരെ ക്വാറികള്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന് ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് നിര്‍ദ്ദേശം നല്‍കി.

മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലത്തും മറ്റും വിനോദസഞ്ചാരം ഒഴിവാക്കണം. നദീതീരത്ത് താമസിക്കുന്ന എല്ലാവരും പ്രത്യേക ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ അറിയിച്ചു. വലിയ മഴ പെയ്യുകയാണെങ്കില്‍ ബാക്കിക്കയം ഷട്ടര്‍ തുറക്കുന്നതിനാല്‍ കടലുണ്ടിപ്പുഴ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

സര്‍ക്കാര്‍ വകുപ്പുകളും പോലീസും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാവരും പാലിക്കണം. വൈദ്യുതി ബോര്‍ഡും പൊതുമരാമത്ത് വകുപ്പും പഞ്ചായത്ത് തല ദുരന്ത പ്രതികരണ സംഘങ്ങളും ഏത് അടിയന്തരാവസ്ഥയ്ക്കും തയ്യാറായിരിക്കണമെന്നും കളക്ടർ അഭ്യര്‍ഥിച്ചു.

എറണാകുളം, ഇടുക്കി, തൃശ്ശുര്‍, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും. മധ്യ തെക്കന്‍ കേരളത്തിലെ മലയോരമേഖകളില്‍ ജാഗ്രത വേണമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഇടിമിന്നലോട് കൂടിയായിരിക്കും മഴയ്ക്ക് സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button