KeralaIndia

കോഴിക്കോട്ടെ ലോഡ്ജില്‍ യുവതിയുടെ കൊലപാതകം: പ്രതിയെ ചെന്നൈയില്‍നിന്ന് പിടികൂടി

കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുള്‍ സനൂഫ് പിടിയിലായി. വെള്ളിയാഴ്ച ചെന്നൈയിലെ ആവഡിയില്‍വെച്ചാണ് പ്രതിയെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ഇയാളെ വൈകാതെ കോഴിക്കോട്ട് എത്തിക്കും.യുവതിയെ കൊലപ്പെടുത്തിയതിന് പിന്നാലെ കാറില്‍ പാലക്കാടെത്തിയ പ്രതി ഇവിടെനിന്ന് അയല്‍സംസ്ഥാനങ്ങളിലേക്ക് കടന്നിരിക്കാമെന്നായിരുന്നു പോലീസിന്റെ നിഗമനം.

ഇതേത്തുടര്‍ന്ന് തമിഴ്‌നാട്ടിലും കര്‍ണാടകയിലും സനൂഫിനായി പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തിവരികയായിരുന്നു. മലപ്പുറം വെട്ടത്തൂര്‍ തേലക്കാട് പന്താലത്ത് ഹൗസില്‍ ഫസീല(35)യെയാണ് ചൊവ്വാഴ്ച രാവിലെ ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ശ്വാസംമുട്ടിച്ചാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍. സനൂഫും ഫസീലയും ഞായറാഴ്ച രാത്രി 11-നാണ് മൂന്ന് ദിവസത്തേക്ക് ലോഡ്ജില്‍ മുറിയെടുത്തത്.

ലോഡ്ജ് ജീവനക്കാര്‍ ചൊവ്വാഴ്ച രാവിലെ നോക്കിയപ്പോഴാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തിങ്കളാഴ്ച സനൂഫ് ലോഡ്ജിലുണ്ടായിരുന്നതായി ജീവനക്കാര്‍ പറഞ്ഞു. പിന്നീട് പണം എടുക്കാനെന്നുപറഞ്ഞ് ഇയാള്‍ ലോഡ്ജില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. പിന്നീട് ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സനൂഫ് ലോഡ്ജില്‍ നല്‍കിയ ഫോണ്‍നമ്പറില്‍ ബന്ധപ്പെട്ടെങ്കിലും അത് വ്യാജമാണെന്ന് കണ്ടെത്തി.

സനൂഫിന്റെ പേരില്‍ ഫസീല നേരത്തേ പീഡനക്കേസ് കൊടുത്തിരുന്നു. ഇതിന്റെ വൈരാഗ്യമാകാം കൊലപാതകത്തിന് കാരണമെന്നാണ് സംശയം.രണ്ടുതവണ വിവാഹമോചിതയായ ആളാണ് ഫസീല. വിവാഹമോചനക്കേസ് നടക്കുന്നതിനിടയിലാണ് സനൂഫിനെ പരിചയപ്പെടുന്നത്. സനൂഫ് ലോഡ്ജില്‍ നല്‍കിയ മേല്‍വിലാസത്തിലല്ല അയാള്‍ താമസിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button