ന്യൂദൽഹി : അടുത്ത വർഷം ആദ്യം ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യ പാകിസ്ഥാൻ സന്ദർശിക്കാൻ സാധ്യതയില്ലെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) വെള്ളിയാഴ്ച സ്ഥിരീകരിച്ചു. ചാമ്പ്യൻസ് ട്രോഫിക്കായി ടീം ഇന്ത്യ പാകിസ്ഥാൻ സന്ദർശിക്കില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) നേരത്തെ അറിയിച്ചതിന് പിന്നാലെ വിഷയം പരിഗണിക്കുന്ന പ്രധാന ഐസിസി മീറ്റിന് മുന്നോടിയായാണ് എംഇഎയുടെ പ്രതികരണം.
ഭീകരതയും സ്‌പോർട്‌സും ഒരുമിച്ച് പോകാനാകില്ലെന്ന നിലപാടാണ്ഇന്ത്യൻ ക്രിക്കറ്റ് ടീമിനും ബിസിസിഐയുക്കുമുള്ളത്. ഐസിസി മത്സരത്തിനായി ടീം ഇന്ത്യ പാകിസ്ഥാൻ സന്ദർശിക്കുമോ എന്ന ചോദ്യത്തിന് ഒരു മാധ്യമപ്രവർത്തകനെ അഭിസംബോധന ചെയ്തുകൊണ്ട് എംഇഎ വക്താവ് രൺധീർ ജയ്‌സ്വാളാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഇന്ത്യൻ ക്രിക്കറ്റ് ടീമിനെക്കുറിച്ച് ബിസിസിഐ ഒരു പ്രസ്താവന ഇറക്കിയിരുന്നു. അവിടെ സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന് അവർ പറഞ്ഞു. ടീം അവിടെ പോകാൻ സാധ്യതയില്ലെന്നുമാണ് ബിസിസിഐ അറിയിച്ചതെന്നും ജയ്‌സ്വാൻ പറഞ്ഞു.
ഇതിനു പുറമെ ഇന്ന് പുലർച്ചെ ആർജെഡി നേതാവ് തേജസ്വി യാദവ് കേന്ദ്രത്തിൻ്റെ നിലപാടിന് വിരുദ്ധമായി വിവാദമുണ്ടാക്കുകയും ഇന്ത്യൻ ക്രിക്കറ്റ് ടീമിന് എന്തുകൊണ്ട് പാകിസ്ഥാൻ സന്ദർശിക്കാൻ കഴിയില്ലെന്ന് ചോദ്യം ചെയ്യുകയും ചെയ്തു. എന്തുകൊണ്ട് ഇന്ത്യ പാകിസ്ഥാനിൽ പോകരുതെന്ന് പറയുന്നുവെന്നും എന്താണ് എതിർപ്പെന്നുമാണ് തേജസ്വി ചോദിച്ചത്.
കൂടാതെ പ്രധാനമന്ത്രിക്ക് ബിരിയാണി കഴിക്കാൻ അവിടെ പോകാമെങ്കിൽ ഇന്ത്യൻ ടീം യാത്ര ചെയ്യുന്നത് നല്ലതാണ്, എന്തുകൊണ്ട് ഇത് നല്ലതല്ലെന്നാണ് ബീഹാർ മുൻ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ചോദിച്ചത്.
അതേ സമയം ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണത്തിലും എംഇഎ പ്രതികരിച്ചു. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥയെക്കുറിച്ച് എംഇഎ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളുടെയും അവസ്ഥയെ സംബന്ധിച്ചിടത്തോളം ഞങ്ങൾ എതിർപ്പ് വളരെ വ്യക്തമായി പറഞ്ഞു.
ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിനും അവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും അവരുടെ സുരക്ഷയ്ക്കും വേണ്ടിയുള്ള ഉത്തരവാദിത്തം അവിടുത്തെ സർക്കാർ ഏറ്റെടുക്കണമെന്ന് ബംഗ്ലാദേശിനോട് ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനു പുറമെ ചിൻമോയ് കൃഷ്ണ ദാസിൻ്റെ അറസ്റ്റിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും ജയ്സ്വാൾ മറുപടിയായി നൽകി. സാമൂഹ്യ സേവനത്തിൻ്റെ ശക്തമായ റെക്കോർഡുള്ള ആഗോളതലത്തിൽ അറിയപ്പെടുന്ന ഒരു സംഘടനയായാണ് തങ്ങൾ ഇസ്‌കോണിനെ കാണുന്നത്.
ചിൻമോയ് ദാസിൻ്റെ അറസ്റ്റിനെ സംബന്ധിച്ചിടത്തോളം ഞങ്ങൾ അതിനെക്കുറിച്ച് പ്രസ്താവന നടത്തിയിട്ടുണ്ട്. ബംഗ്ലാദേശിൽ വ്യക്തികൾക്കെതിരായ കേസുകളും നിയമ നടപടികളും നടന്നുവരികയാണ്. ഈ വ്യക്തികളോടും ബന്ധപ്പെട്ട എല്ലാവരോടും പൂർണ്ണമായ ബഹുമാനം ഉറപ്പാക്കിക്കൊണ്ട് ഈ പ്രക്രിയകൾ നീതിപൂർവകവും സുതാര്യവുമായ രീതിയിൽ കൈകാര്യം ചെയ്യപ്പെടുമെന്ന് തങ്ങൾ പ്രതീക്ഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
Leave a Comment