ഗസറ്റഡ്‌ ഉദ്യോഗസ്ഥർ അടക്കം സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നു : ക്ഷേമ പെൻഷനിൽ കൈയിട്ടുവാരി സർക്കാർ ജീവനക്കാർ

ധന വകുപ്പിന്റെ നിർദേശമനുസരിച്ച് ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ്‌ തട്ടിപ്പ്‌ കണ്ടെത്തിയത്‌

തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണത്തിൽ അനർഹരും പെൻഷൻ വാങ്ങുന്നതായി റിപ്പോർട്ട്. 1458 സർക്കാർ ജീവനക്കാർ അനധികൃതമായി സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നുവെന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. ഗസറ്റഡ്‌ ഉദ്യോഗസ്ഥർ അടക്കമാണ്‌ പെൻഷൻ കൈപ്പറ്റുന്നത്‌. ധന വകുപ്പിന്റെ നിർദേശമനുസരിച്ച് ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ്‌ തട്ടിപ്പ്‌ കണ്ടെത്തിയത്‌.

കോളേജ്‌ അസിസ്‌റ്റന്‍റ് പ്രൊഫസർമാർ ഉൾപ്പെടെ ക്ഷേമ പെൻഷൻ ഹയർ സെക്കണ്ടറിയിലെ ഉൾപ്പെടെ അധ്യാപകരും ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പട്ടികയിലുണ്ടായിരുന്നു. അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തുക പലിശ അടക്കം തിരിച്ചു പിടിക്കാനാൻ ധനവകുപ്പ് നിർദേശം നൽകി. കുറ്റക്കാർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കാനും ധനമന്ത്രി കെ എൻ ബാലഗോപാൽ നിർദേശിച്ചു.

രണ്ട്‌ അസിസ്‌റ്റന്റ്‌ പ്രൊഫസർമാരിൽ ഒരാൾ തിരുവനന്തപുരം ജില്ലയിലെ സർക്കാർ കോളേജിലാണ്‌ ജോലി എടുക്കുന്നത്‌. ഒരാൾ പാലക്കാട്‌ ജില്ലയിലെ സർക്കാർ കോളേജിൽ ജോലി ചെയ്യുന്നു. ഹയർ സെക്കണ്ടറി അധ്യാപകരായ മൂന്നു പേരാണ്‌ പെൻഷൻ വാങ്ങുന്നത്‌. ആരോഗ്യ വകുപ്പിലാണ്‌ ഏറ്റവും കൂടുതൽ പേർ ക്ഷേമ പെൻഷൻ വാങ്ങുന്നവർ ഉള്ളത്‌. 373 പേർ. പൊതുവിദ്യാഭ്യാസ വകുപ്പാണ്‌ രണ്ടാം സ്ഥാനത്ത്‌. 224 പേർ. മെഡിക്കൽ എഡ്യുക്കേഷൻ വകുപ്പിൽ 124 പേരും, ആയൂർവേദ വകുപ്പിൽ (ഇന്ത്യൻ സിസ്‌റ്റം ഓഫ്‌ മെഡിസിൻ) 114 പേരും, മൃഗസംരണക്ഷ വകുപ്പിൽ 74 പേരും, പൊതു മരാമത്ത്‌ വകുപ്പിൽ 47 പേരും ക്ഷേമ പെൻഷൻ വാങ്ങുന്ന സർക്കാർ ജീവനക്കാരാണ്‌.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ 46 പേരും, ഹോമിയോപ്പതി വകുപ്പിൽ 41 പേരും. കൃഷി, റവന്യു വകുപ്പുകളിൽ 35 പേർ വീതവും, ജുഡീഷ്യറി ആൻഡ്‌ സോഷ്യൽ ജസ്‌റ്റീസ്‌ വകുപ്പിൽ 34 പേരും, ഇൻഷ്വറൻസ്‌ മെഡിക്കൽ സർവീസ്‌ വകുപ്പിൽ 31 പേരും, കോളേജിയറ്റ്‌ എഡ്യുക്കേഷൻ വകുപ്പിൽ 27 പേരും, ഹോമിയോപ്പതിയിൽ 25 പേരും ക്ഷേമ പെൻഷൻ കൈപറ്റുന്നു. ഇതിനു പുറമെ നിരവധി വകുപ്പുകളിൽ ഉള്ളവർ പെൻഷൻ തുക കൈപ്പറ്റുന്നുണ്ട്.

അതേ സമയം വിവിധ തലങ്ങളിലുള്ള പരിശോധനകൾ തുടരാനാണ്‌ ധന വകുപ്പ്‌ തീരുമാനം. അനർഹരായവരെ കണ്ടെത്തി ഒഴിവാക്കുകയും, അർഹരായവർക്ക്‌ മുഴുവൻ കൃത്യമായി പെൻഷൻ വിതരണം ഉറപ്പാക്കുകയും ചെയ്യുന്ന നടപടികൾ തുടരുമെന്ന്‌ ധന വകുപ്പ്‌ അധികൃതർ വ്യക്തമാക്കി.

Share
Leave a Comment