സൈബർ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി യുഎഇ സെൻട്രൽ ബാങ്ക്

വ്യാജ ഓഫറുകൾ ഉൾപ്പടെയുള്ള തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തണം

ദുബായ് : വിവിധ തരത്തിലുള്ള സൈബർ തട്ടിപ്പുകളെക്കുറിച്ച് യുഎഇ സെൻട്രൽ ബാങ്ക് മുന്നറിയിപ്പ് നൽകി. വ്യാജ ഓഫറുകൾ ഉൾപ്പടെയുള്ള തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്താനും, സംശയകരമായ സന്ദേശങ്ങൾ അവഗണിക്കാനും അധികൃതർ പൊതുജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.

സംശയകരമായ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും ഇത്തരം സന്ദേശങ്ങൾ ലഭിക്കുന്ന അവസരത്തിൽ ഉടൻ തന്നെ ബന്ധപ്പെട്ട ബാങ്ക് അധികൃതരെയും, പോലീസിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന വിഭാഗത്തെയും ഇക്കാര്യം ധരിപ്പിക്കണമെന്നും സെൻട്രൽ ബാങ്ക് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

ബാങ്കുകളുടെ ഭാഗത്ത് നിന്ന് തൃപ്തികരമായ മറുപടി ലഭിക്കാത്ത സാഹചര്യത്തിൽ സെൻട്രൽ ബാങ്കിന്റെ തർക്കപരിഹാര വിഭാഗമായ ‘Sanadak’ സംവിധാനത്തിൽ നിന്നുള്ള സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

ഫിഷിങ്, ഇമെയിൽ ഹാക്കിങ്, ഐഡന്റിറ്റി തെഫ്റ്റ്, ഇൻവോയ്‌സ്‌ ഫ്രോഡ്, ലോൺ ഫ്രോഡ്, വ്യാജ പരസ്യങ്ങൾ തുടങ്ങിയ സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് സെൻട്രൽ ബാങ്ക് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Share
Leave a Comment