KeralaLatest News

അങ്കണവാടിയില്‍ വീണ് മൂന്നര വയസ്സുകാരിക്ക് ഗുരുതര പരിക്കേറ്റ സംഭവം : അധ്യാപികയെയും ഹെല്‍പ്പറെയും സസ്‌പെന്‍ഡ് ചെയ്തു

മാറനല്ലൂര്‍ സ്വദേശികളായ രതീഷ് സിന്ധു ദമ്പതികളുടെ മകള്‍ വൈഗയ്ക്കാണ് അങ്കണവാടിയില്‍ വീണതിനെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റത്

തിരുവനന്തപുരം: അങ്കണവാടിയില്‍ വീണതിനെ തുടര്‍ന്ന് മൂന്നരവയസുകാരിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ അങ്കണവാടി അധ്യാപികയെയും ഹെല്‍പ്പറെയും സസ്‌പെന്‍ഡ് ചെയ്തു. മാറനല്ലൂര്‍ എട്ടാം വാര്‍ഡ് അംഗണവാടി അധ്യാപിക ശുഭലക്ഷ്മിയെയും അങ്കണവാടി ഹെല്‍പ്പര്‍ ലതയെയും ആണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

മാറനല്ലൂര്‍ സ്വദേശികളായ രതീഷ് സിന്ധു ദമ്പതികളുടെ മകള്‍ വൈഗയ്ക്കാണ് അങ്കണവാടിയില്‍ വീണതിനെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റത്. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി. വ്യാഴാഴ്ച വൈകുന്നേരം മകളെ മാറനല്ലൂരിലുള്ള അങ്കണവാടിയില്‍ നിന്നും വീട്ടിലേക്ക് പിതാവ് രതീഷ് കൂട്ടികൊണ്ടുവന്നു.

കുഞ്ഞ് തീര്‍ത്തും ക്ഷീണിതയായിരുന്നു. അല്‍പ്പ സമയത്തിന് ശേഷം കുട്ടി നിര്‍ത്താതെ ഛര്‍ദ്ദിക്കാനും തുടങ്ങി. വൈഗയുടെ ഇരട്ട സഹോദരനും അതേ അങ്കണവാടിയിലാണ് പഠിക്കുന്നത്. വൈഗ ഉച്ചയ്ക്ക് ജനലില്‍ നിന്ന് വീണിരുന്നുവെന്ന് സഹോദരനാണ് മാതാപിതാക്കളോട് പറയുന്നത്.

കുട്ടിയുടെ മാതാവ് പരിശോധിച്ചപ്പോള്‍ തലയുടെ പുറക് വശം മുഴച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് കണ്ടലയിലെ ആശുപത്രിയിലും തിരുവനന്തപുരം എസ് എ ടിയിലും കുട്ടിയെ എത്തിച്ചു. കുഞ്ഞിന് സ്‌പൈനല്‍ കോഡിനും ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.

shortlink

Post Your Comments


Back to top button